അവസാന റൗണ്ടിലെ ആ ചോദ്യം; അതിഗംഭീര ഉത്തരവുമായി മണിക, സൗന്ദര്യകിരീടത്തിലേക്കുള്ള വഴി തെളിഞ്ഞു

ഈ വർഷത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ സൗന്ദര്യമത്സരത്തിൽ കിരീടം നേടിയ രാജസ്ഥാനി സുന്ദരിയാണ് മണിക വിശ്വകർമ. ഇപ്പോഴിതാ, ഫൈനൽ റൗണ്ടിൽ അവർക്കുനേരെ വിധികർത്താക്കൾ ഉന്നയിച്ച ഒരു ചോദ്യമാണ് സാമൂഹികമാധ്യമങ്ങളിലെ ചർച്ചാവിഷയം. ഈ ചോദ്യത്തിന് വ്യക്തവും കൃത്യവുമായി മണിക നൽകിയ മറുപടിയാണ് അവർ കിരീടം സ്വന്തമാക്കിയത്.
സ്ത്രീ വിദ്യാഭ്യാസത്തിനാണോ പിന്നാക്കം നിൽക്കുന്ന ദരിദ്ര കുടുംബങ്ങൾക്ക് സാമ്പത്തിക സഹായത്തിനോ പ്രാധാന്യം നൽകേണ്ടി വന്നാൽ, ഏത് തിരഞ്ഞെടുക്കുമെന്നായിരുന്നു മണിക നേരിട്ട ചോദ്യം. 'സ്ത്രീ വിദ്യാഭ്യാസത്തിനായി വാദിക്കുന്നതിനും ദരിദ്ര കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്നതിനും ഇടയിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ, ഏതിനായിരിക്കും നിങ്ങൾ മുൻഗണന നൽകുക? എന്തുകൊണ്ട്? എതിർവാദങ്ങളെ നിങ്ങൾ എങ്ങനെ നേരിടും?' വിധികർത്താവ് ചോദിച്ചു.
ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് ഇതെന്നായിരുന്നു ചോദ്യത്തിനുള്ള മണികയുടെ മറുപടി. 'വിദ്യാഭ്യാസം പോലുള്ള അടിസ്ഥാന അവകാശങ്ങൾ സ്ത്രീകൾക്ക് നിഷേധിക്കപ്പെടുന്നത് ഓർമവെച്ച നാൾ മുതൽ നമ്മൾ കാണുന്നുണ്ട്. മറുവശത്ത്, നമ്മുടെ ജനസംഖ്യയുടെ അമ്പത് ശതമാനത്തോളം വരുന്നവർക്ക് അവരുടെ ജീവിതത്തെ മാറ്റിമറിക്കാൻ കഴിവുള്ള അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെടുന്നു. ഇതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ ഞാൻ സ്ത്രീകളുടെ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി ഞാൻ വാദിക്കും. അത് ഒരു വ്യക്തിയുടെ ജീവിതത്തിനപ്പുറം രാജ്യത്തിൻ്റെയും ലോകത്തിൻ്റെയും ഭാവിയെ തന്നെ മാറ്റിമറിക്കും. രണ്ട് വിഷയങ്ങളും പ്രധാനമാണെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സഹായകമാകുന്ന നടപടികൾ സ്വീകരിക്കുന്നതിലാണ് കാര്യം', അവർ കൂട്ടിച്ചേർത്തു.
ജയ്പുരിൽ നടന്ന ചടങ്ങിൽ കഴിഞ്ഞവർഷത്തെ കിരീടജേതാവായ റിയാ സിൻഹയാണ് മണികയെ കിരീടമണിയിച്ചത്. ഈ വർഷം അവസാനം തായ്‌ലൻഡിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ് അവർ. 48 മത്സരാർഥികളെ പിന്നിലാക്കിയാണ് രാജസ്ഥാനിൽ നിന്നുള്ള മണിക കിരീടം ചൂടിയത്.
ശ്രീ ഗംഗാനഗർ സ്വദേശിയായ മണിക നിലവിൽ ഡൽഹിയിലാണ് താമസം. സൗന്ദര്യ മത്സരത്തിനുള്ള തയ്യാറെടുപ്പും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ വേണ്ടിയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. 22-കാരിയായ അവർ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാൻ കിരീടം ചൂടിയിരുന്നു.
Content Highlights: Manika Vishwakarma’s intelligent answer to the finale question that secured her win