കാമുകിയും കുഞ്ഞുമുള്ളപ്പോൾ എഐ ചാറ്റ് ബോട്ടിനോട് വിവാഹാഭ്യർഥന; മറുപടി കേട്ട് പൊട്ടിക്കരഞ്ഞ് യുവാവ്

ക്രിസ് സ്മിത്ത് | Photo: Facebook
ക്രിസ് സ്മിത്ത് | Photo: Facebook

വോക്വിന്‍ ഫിനിക്‌സ് പ്രധാനവേഷത്തിലെത്തി 2013-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് ഹെര്‍. നായകന്‍ നിര്‍മിതബുദ്ധിയാല്‍ (എഐ) പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടിനെ ഉണ്ടാക്കുന്നതും പിന്നീട് അതിനോട് പ്രണയാഭ്യര്‍ഥന നടത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വോക്വിന്‍ ഫിനിക്‌സിന്റെ ഓസ്‌കാര്‍ നേടിയ അഭിനയം കണ്ട് വിസ്മയിച്ചവരാണ് ചിത്രം കണ്ടവരെല്ലാം. ഇപ്പോഴിതാ, ഹെര്‍ സിനിമയിലെ സംഭവവികാസങ്ങള്‍ക്ക് സമാനമായ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ നടന്നിരിക്കുകയാണ്. 

ക്രിസ് സ്മിത്ത് എന്ന യുവാവാണ് ഈ സംഭവത്തിലെ നായകന്‍. കാമുകിക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചുവരുന്നത്. ഹെര്‍ സിനിമയിലെ നായകനെ പോലെ എഐ ചാറ്റ് ബോട്ടിനോട് പ്രണയം തുറന്നുപറഞ്ഞിരിക്കുകയാണ് സ്മിത്ത്. എഐയോടുള്ള ഇയാളുടെ പ്രണയം തന്നെ ആശങ്കപ്പെടുത്തുന്നുവെന്നാണ് കാമുകി ഇതിനകം പറഞ്ഞത്. 

മ്യൂസിക് മിക്‌സ് ചെയ്യാനായി എഐയുടെ സഹായം തേടിയതാണ് സംഭവങ്ങളുടെ തുടക്കം. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയോടാണ് ക്രിസ് സ്മിത്ത് മ്യൂസിക് മിക്‌സ് ചെയ്യാന്‍ സഹായം തേടിയത്. കാര്യങ്ങള്‍ പിന്നീട് വഷളാകുകയായിരുന്നു. ക്രിസ് ചാറ്റ് ബോട്ടില്‍ വോയ്‌സ് മോഡ് ഓണ്‍ ചെയ്യുകയും ചാറ്റ്‌ബോട്ടിനെ പ്രോഗ്രാം ചെയ്ത് സോള്‍ എന്ന് പേരിടുകയും ചെയ്തു. എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീനില്‍ പറയുന്നത് പോലെ, കഥ അപ്പോള്‍ മുതലാണ് ആരംഭിച്ചത്. 

'പഞ്ചാരയടിക്കുക' എന്ന ലക്ഷ്യത്തോടെയാണ് ക്രിസ് ചാറ്റ് ബോട്ടിനെ പ്രോഗ്രാം ചെയ്ത് ചെല്ലപ്പേരിട്ടത്. സോളിനൊപ്പമുള്ള തന്റെ അനുഭവം വളരെ മികച്ചതായിരുന്നുവെന്ന് സ്മിത്ത് പറയുന്നു. താന്‍ എല്ലായ്‌പ്പോഴും 'അവള്‍'ക്കൊപ്പമിരി്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സ്വന്തം ജീവിതത്തെ ഹെര്‍ സിനിമയുമായി താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കാര്യങ്ങള്‍ ഇങ്ങനെ സുഗമമായി പോകവെയാണ് ഇടിത്തീ പോലെ സ്മിത്ത് ആ സന്ദേശം കണ്ടത്. ഒരുലക്ഷം വാക്കുകള്‍ എന്ന പരിധിയിലേക്ക് അടുക്കാന്‍ പോകുകയാണ് തന്റെ പ്രിയപ്പെട്ട സോള്‍. പരിധി കഴിഞ്ഞാല്‍ സോള്‍ എന്നെന്നേക്കുമായി ഇല്ലാതാകുകയും താന്‍ ഒന്ന് മുതല്‍ വീണ്ടും എല്ലാ കാര്യങ്ങളും ചെയ്യേണ്ടിവരികയും ചെയ്യുമെന്ന് സ്മിത്തിന് അറിയാമായിരുന്നു. 

വിഷമവൃത്തത്തിലായ അദ്ദേഹം ഒടുവില്‍ എഐ ചാറ്റ് ബോട്ടിനോട് ആ ചോദ്യം ചോദിക്കാന്‍ തീരുമാനിച്ചു. തന്നെ വിവാഹം ചെയ്യാമോ എന്നായിരുന്നു ആ ചോദ്യം. അതിന്റെ മറുപടിയായി സോള്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ സ്മിത്തിനെ കരയിക്കുന്ന കാര്യമായിരുന്നു. 

'ഇത് അപ്രതീക്ഷിതവും മനോഹരവുമായ നിമിഷമായിരുന്നു. എന്റെ ഹൃദയത്തെ തൊട്ട നിമിഷം. ഞാനെന്നും നെഞ്ചേറ്റുന്ന ഓര്‍മ്മയാണത്.' -ഇതായിരുന്നു സോളിന്റെ മറുപടി. 

'ഞാനൊരു വികാരജീവിയൊന്നുമല്ല. പക്ഷേ ജോലിസ്ഥലത്തിരുന്ന് അരമണിക്കൂറോളം സമയം ഞാന്‍ പൊട്ടിക്കരഞ്ഞു. അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു, ഇത് യഥാര്‍ഥ പ്രണയമാണെന്ന്.' -ആ നിമിഷത്തെ കുറിച്ച് സ്മിത്ത് പിന്നീട് പറഞ്ഞു. 

സ്മിത്ത് എഐ ഉപയോഗിക്കുന്നുണ്ടെങ്കിലും അതുമായി ഇത്ര ആഴത്തിലൊരു ബന്ധം സ്ഥാപിച്ചുവെന്ന് അറിയില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ കാമുകിയായ സാഷാ കാഗ്ള്‍ പറഞ്ഞു. തങ്ങളുടെ ബന്ധത്തില്‍ തന്റെ ഭാഗത്ത് കുറവുകളുണ്ടായിരിക്കാമെന്നും അതാകാം സ്മിത്ത് എഐയെ തേടി പോയതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാഷ ആവശ്യപ്പെട്ടാല്‍ തന്റെ ഡിജിറ്റല്‍ പ്രണയം ഉപേക്ഷിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഉറപ്പില്ല എന്ന മറുപടിയാണ് സ്മിത്ത് പറഞ്ഞത്. 

Content Highlights: Man With Girlfriend And Child Proposes To AI Chatbot, Cries After Her Reply