ഒമ്പത് കുട്ടികളുമായി സൈക്കിള്‍ യാത്ര; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ jaiky yadav
വൈറല്‍ വീഡിയോയില്‍ നിന്നുള്ള രംഗം | Photo: twitter/ jaiky yadav

ലോകജനസംഖ്യ 800 കോടിയില്‍ എത്തിയത് കഴിഞ്ഞ ദിവസം  വലിയ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നിരവധി ട്രോളുകളും വീഡിയോകളും ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ജെയ്കി യാദവ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. 

ഒരാള്‍ ഒമ്പത് കുട്ടികളേയും കൊണ്ട് സൈക്കിളില്‍ യാത്ര ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. മൂന്നു കുട്ടികള്‍ പിന്നിലാണ് ഇരിക്കുന്നത്. ഒരാള്‍ സൈക്കിള്‍ ചവിട്ടുന്ന ആളുടെ കഴുത്തില്‍ പിടിച്ചുനിന്നപ്പോള്‍ രണ്ട് പേര്‍ അയാളുടെ കൈകളിലും തൂങ്ങിനില്‍ക്കുന്നുണ്ട്. മൂന്നു പേര്‍ മുന്നിലും ഇരിക്കുന്നുണ്ട്. ഇതില്‍ ഒരു കുട്ടി മുന്‍ഭാഗവും കടന്ന് ചക്രത്തിന് തൊട്ടുമുന്നിലാണ് ഇരിക്കുന്നത്.

വീഡിയോ എവിടെ നിന്നുള്ളതാണെന്നത് വ്യക്തമല്ല. റോഡിലൂടെ പോയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്. കുട്ടികള്‍ ക്യാമറയിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ രണ്ട് ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. 

'ഇന്ന് ലോകജനസംഖ്യ എട്ട് ബില്ല്യണ്‍ ആയിരിക്കുന്നു. ഈ നേട്ടം കൈവരിക്കുന്നതിന് ഇത്തരം ആളുകള്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്' എന്ന കുറിപ്പോടെയാണ് ജെയ്കി യാദവ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇതിന് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ വന്നിട്ടുണ്ട്.

ഇത്രയും കുട്ടികള്‍ എന്ന് ഒരാള്‍ അദ്ഭുതത്തോടെ ചോദിക്കുന്നുണ്ട്. ഇത്രയും അപകടകരമായ വിധം സൈക്കിളില്‍ കുട്ടികളെ കൊണ്ടുപോകാനുള്ള ധൈര്യം സമ്മതിക്കണം എന്ന് മറ്റൊരാള്‍ കുറിച്ചു. ഇത് മുഴുവന്‍ ഒരാളുടെ കുട്ടികള്‍ ആണെന്നതിന് തെളിവ് ഒന്നും ഇല്ലല്ലോ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്.
 

Content Highlights: man seen riding cycle with nine kids viral video