മരണശേഷം പൂച്ചയെ നോക്കാന്‍ ആളെ വേണം; സമ്പാദ്യവും അപ്പാര്‍ട്ട്‌മെന്റുമെല്ലാം പകരം നല്‍കാമെന്ന് വയോധികൻ

ചിലര്‍ക്ക് വളര്‍ത്തുമൃഗങ്ങള്‍ സ്വന്തം മക്കളെപ്പോലെയാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരുപാടുപേര്‍ കൂട്ടായി അരുമകളെ വളര്‍ത്താറുണ്ട്. അവര്‍ക്കു വേണ്ടി എന്തും ചെയ്യാന്‍ മനസ്സുള്ളവരാണ് മൃഗസ്‌നേഹികള്‍. തന്റെ മരണശേഷം വളര്‍ത്തു പൂച്ചയെ നോക്കാന്‍ തയ്യാറാകുന്ന വ്യക്തിക്ക് തന്റെ സമ്പാദ്യം മുഴുവന്‍ നല്‍കാന്‍ തയ്യാറായിരിക്കുകയാണ് അത്തരമൊരു മൃഗസ്‌നേഹി. ചൈനയിലെ ഗ്വാങ്‌ഡോങില്‍ താമസിക്കുന്ന 82-കാരനായ ലോങിന്റേതാണ് ആ തീരുമാനം.
ഇയാളുടെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഇരുവര്‍ക്കും കുട്ടികളില്ലായിരുന്നു. ജീവിതത്തില്‍ ആകെ കൂട്ടായുള്ളത് തെരുവോരത്തുനിന്നും കിട്ടിയ പൂച്ചകളായിരുന്നു. നാല് പൂച്ചകളെ എടുത്ത് പരിപാലിച്ചു. അതില്‍ ഒന്നു മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഷിയാന്‍ബ എന്നാണ് ഈ പൂച്ചയുടെ പേര്.
താന്‍ മരിച്ചുപോയാല്‍ പൂച്ചയ്ക്ക് എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചുള്ള ആധികാരണമാണ് ലോങ് വിശ്വസ്തനായ ഒരു പരിപാലകനെ തേടുന്നത്. പൂച്ചയെ അതിന്റെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കണമെന്ന നിബന്ധനമാത്രമേ ലോങിനുള്ളു. പകരമായി തന്റെ അപ്പാര്‍ട്ട്‌മെന്റും സമ്പാദ്യവുമെല്ലാം നല്‍കാന്‍ തയ്യാറാണ്. ഗ്വാങ്‌ഡോങ് റേഡിയോക്കും ടെലിവിഷനും നല്‍കിയ ബൈറ്റിലാണ് ലോങ് ഇക്കാര്യം പറഞ്ഞതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനയിലെ വളര്‍ത്തുമൃഗങ്ങളുടെ വിപണി കോടിക്കണക്കിന് ഡോളറിന്റെ വ്യവസായമായി വളര്‍ന്നിരിക്കുകയാണ്. 2024-ല്‍ ചെലവ് ഏകദേശം 42 ബില്യണ്‍ ഡോളറിലെത്തി (ഏകദേശം 3.5 ലക്ഷം കോടി രൂപ). ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.5 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയത്.
നഗരപ്രദേശങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നത് വര്‍ധിച്ചു വരികയാണ്. ചൈനയിലെ നഗരങ്ങളില്‍ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം ഉടന്‍ തന്നെ ചെറിയ കുട്ടികളേക്കാള്‍ കൂടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുവതലമുറക്കാര്‍ പ്രത്യേകിച്ച് 1990-കളിലും 2000-കളിലും ജനിച്ചവര്‍, വളര്‍ത്തുമൃഗങ്ങളെ കുടുംബാംഗങ്ങളായി പരിഗണിച്ച് ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണം, ആരോഗ്യ സംരക്ഷണം, ഗ്രൂമിങ്(grooming), അനുബന്ധ ഉപകരണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കായി ധാരാളം പണം ചെലവഴിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഷാങ്ഹായിലെ ഒരു വയോധിക, വാര്‍ധക്യത്തില്‍ തന്റെ മക്കള്‍ തന്നെ സന്ദര്‍ശിക്കുകയോ സംരക്ഷിക്കുകയോ ചെയ്തില്ല എന്ന കാരണം പറഞ്ഞ്, തന്റെ 2.8 ദശലക്ഷം ഡോളറിന്റെ മുഴുവന്‍ സ്വത്തും വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു.
Content Highlights: 82-year-old in China is leaving his entire fortune to his cat