കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ പ്രോമിസ്; ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ച് യുവാവ്

നമ്മുടെ ഹൃദയം തൊടുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ, ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ്. കുട്ടിക്കാലത്ത് അമ്മയ്ക്ക് നൽകിയ വാക്ക് നിറവേറ്റി എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പോസ്റ്റ് ചെയ്തത്. അമ്മയ്ക്ക് ഹെലികോപ്റ്റർ യാത്ര ഒരുക്കിയാണ് യുവാവ് വാക്ക് പാലിച്ചത്.
ഉത്തരാഖണ്ഡിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ യോഗേഷ് റാവത്താണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. യോഗേഷ് അമ്മയോടൊപ്പം കാറിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. 'ഞാൻ ചെറുതായിരുന്നപ്പോൾ അമ്മയെ ഹെലികോപ്റ്ററിൽ കൊണ്ടുപോകുമെന്ന് ഉറപ്പ് നൽകിയിരുന്നു, ഇന്ന് ആ ദിവസം വന്നു ചേർന്നു' എന്ന് യോഗേഷ് വീഡിയോയിൽ പറയുന്നുണ്ട്. ഹെലികോപ്റ്ററിന്റെ വലുപ്പം കണ്ടപ്പോൾ ആദ്യം അമ്മയ്ക്ക് അൽപം പരിഭ്രമം തോന്നുകയും ചെയ്തു. തുടർന്ന് യോഗേഷും അമ്മയും ഹെലികോപ്റ്ററിന് അടുത്തേക്ക് നടക്കുന്നതും സന്തോഷത്തോടെ ബോർഡിങ് പാസുകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
ഹെലികോപ്റ്ററിൽ കയറി ഇരുന്നതോടെ അമ്മയുടെ പരിഭ്രമം കൂടുകയും യോഗേഷിനെ മുറകെ പിടിക്കുകയും ചെയ്തു. ഹെലികോപ്റ്ററിൽ നിന്നുള്ള കാഴ്ച്ചകളുടെ വീഡിയോയും ഇതിനൊപ്പം യോഗേഷ് പങ്കുവെച്ചിട്ടുണ്ട്. 'എന്റെ അമ്മയുടെ ആദ്യ ഹെലികോപ്റ്റർ യാത്ര' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യോഗേഷിനെ അഭിനന്ദിച്ച് കമന്റ് പറഞ്ഞത്. മാതാപിതാക്കളുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നത് മനോഹരമായ കാര്യമാണെന്ന് ചിലർ കുറിച്ചു. ഇത്തരം കാര്യങ്ങളിൽ ചെലവാകുന്ന പണത്തേക്കാൾ മാതാപിതാക്കളുടെ സന്തോഷമാണ് വലുതെന്നും കമന്റുകളുണ്ട്.
Content Highlights: A man from Uttarakhand fulfilled a lifelong promise to his mother., The emotional journey was documented in a viral Instagram video., The mother overcame her initial nervousness to enjoy the aerial views., The story highlights the importance of honoring parental dreams., Viewers praised the son's dedication and the emotional bond shared.