അയ്യയ്യേ നാണക്കേട്! വിമാനത്തിലെ ലൈഫ് ജാക്കറ്റ് അടിച്ചുമാറ്റി യാത്രക്കാരൻ, കയ്യോടെ പിടിവീണു | വീഡിയോ

1: വിമാനത്തിലെ ലൈഫ് ജാക്കറ്റ്, 2, 3: വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: AI Generated, Screen grabs / X
1: വിമാനത്തിലെ ലൈഫ് ജാക്കറ്റ്, 2, 3: വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: AI Generated, Screen grabs / X

വിമാനത്തിലെ സുരക്ഷാ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ലൈഫ് ജാക്കറ്റുകൾ. ഏതെങ്കിലും സാഹചര്യത്തിൽ വെള്ളത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ട സാഹചര്യമുണ്ടായാൽ യാത്രക്കാരെ അതിജീവിക്കാൻ സഹായിക്കാനായാണ് വിമാനങ്ങളിലെ എല്ലാ സീറ്റുകളോടും അനുബന്ധിച്ച് ലൈഫ് ജാക്കറ്റുകൾ സജ്ജമാക്കുന്നത്. യാത്ര പുറപ്പെടും മുമ്പ് ലൈഫ് ജാക്കറ്റ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നത് വിമാനങ്ങളിൽ യാത്ര ചെയ്തവർക്ക് പരിചിതമായ കാഴ്ചയാണ്. 

അങ്ങനെയുള്ള ലൈഫ് ജാക്കറ്റ് ഒരു യാത്രക്കാരൻ മോഷ്ടിച്ച് വീട്ടിൽ കൊണ്ടുപോകാൻ ശ്രമിച്ചാലോ? ഇന്‍ഡിഗോ വിമാനത്തിലാണ് അങ്ങനെയൊരു സംഭവമുണ്ടായത്. സഹയാത്രികനാണ് ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച യാത്രക്കാരനെ കയ്യോടെ പിടിച്ചത്. തന്റെ ബാക്ക്പാക്കിനുള്ളിലാക്കിയാണ് ഇയാള്‍ ലൈഫ് ജാക്കറ്റ് കടത്താന്‍ ശ്രമിച്ചത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. 

ലൈഫ് ജാക്കറ്റ് മോഷ്ടിച്ച യാത്രക്കാരനോട് സഹയാത്രികന്‍ സംസാരിക്കുന്നത് വീഡിയോയില്‍ കകേള്‍ക്കാം. 'നിന്നെ ഞാന്‍ കുറേ നേരമായി ശ്രദ്ധിക്കുന്നു. എന്താണ് നീ ചെയ്യുന്നത്? ഇവനെ നോക്കൂ, ലൈഫ് ജാക്കറ്റ് മോഷ്ടിച്ചിരിക്കുകയാണ് ഇവന്‍. ഇത് ശരിയല്ല. യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ളതാണ് ഇത്.' -അദ്ദേഹം വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്. 

വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഒപ്പം സംഭവം എന്നാണ് ഉണ്ടായതെന്നോ, ഏത് വിമാനത്തിലാണെന്നോ തുടങ്ങിയ വിവരങ്ങളും ലഭ്യമല്ല. പക്ഷേ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. മോഷണം പിടികൂടിയ യാത്രക്കാരനെ പലരും അഭിനന്ദിച്ചപ്പോള്‍ മറ്റുപലര്‍ക്കും സംഭവം അവിശ്വസനീയമായി തോന്നി. 

'പറക്കുന്നതിനിടെ ലൈഫ് ജാക്കറ്റ് മോഷ്ടിക്കുന്നു. ധീരമായ നീക്കം. കരയിലൂടെ പറക്കുന്ന വിമാനത്തിലിരിക്കുന്നവന് കടലില്‍ വീണാല്‍ അതിജീവിക്കുന്നതിനെ കുറിച്ചാണ് ആശങ്ക' എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'ഇന്ത്യക്കാരെ ഉടന്‍ പൗരബോധം പഠിപ്പിക്കാന്‍ തുടങ്ങണം' എന്നായിരുന്നു മറ്റൊരു കമന്റ്. യാത്രക്കാരന്‍ ചെയ്തത് ക്രിമിനല്‍ കുറ്റവും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന അത്യന്തം അപകടകരമായ കാര്യവുമാണെന്നും ഇയാളെ ശിക്ഷിക്കണമെന്നും പലരും കമന്റെഴുതി. 

Content Highlights: Man Attempts To Steal Life Jacket On IndiGo Flight, Video Sparks Outrage