'കാപ്പിയും ചായയും പാലും പനീറും കഴിക്കാറില്ല,വീഗന്‍ ഡയറ്റാണ് പിന്തുടരുന്നത്'-49-ാം വയസിലും ഫിറ്റാണെന്ന് മല്ലിക

49-ാം പിറന്നാള്‍ ആഘോഷത്തിലാണ് നടി മല്ലികാ ഷെരാവത്ത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ മല്ലികയ്ക്ക് ആശംസയുമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. നിലവില്‍ ലോസ് ആഞ്ജലിസിൽ താമസിക്കുന്ന നടി ഇടയ്ക്കിടെ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇത്രയും പ്രായമായെന്ന് കണ്ടാല്‍ പറയില്ല എന്നാണ് ഇതിന് താഴെ മിക്കവരും കമന്റ് ചെയ്യാറുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയുമാണ് താന്‍ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നതെന്ന് മല്ലിക പറയുന്നു.
വീഗന്‍ ജീവിതശൈലിയാണ് താന്‍ പിന്തുടരുന്നതെന്നും ഇതിന്റെ ഭാഗമായി ഭക്ഷണങ്ങളിലും പാചകരീതികളിലും താന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നും മല്ലിക നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷണത്തില്‍ പ്രധാനമാും പഴങ്ങളും ഗ്രീന്‍ സാലഡുകളും അവക്കാഡോയുമാണ് ഉള്‍പ്പെടുന്നത്. പാലുത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയെന്നും അവര്‍ നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു,
'ഞാനൊരു വീഗനാണ്. അതിനാല്‍ മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളോ പാലുത്പന്നങ്ങളോ കഴിക്കാറില്ല. അതായത് പാല്‍, ലസ്സി, പനീര്‍, ചീസ് എന്നിവയൊന്നും കഴിക്കാറില്ല. എന്റെ പ്രഭാതഭക്ഷണം സാധാരണയായി ധാരാളം ഫ്രഷ് പഴങ്ങളാണ്... മാമ്പഴമാണ് എന്റെ ഇഷ്ടപ്പെട്ട പഴം... ഞാന്‍ ചായയോ കാപ്പിയോ കുടിക്കാറില്ല. ചപ്പാത്തി കഴിക്കാറില്ല. അധികം മധുരപലഹാരങ്ങളും കഴിക്കാറില്ല. മധുരത്തിനായി ഞാന്‍ ഈന്തപ്പഴം മാത്രമേ കഴിക്കാറുള്ളൂ.'-മല്ലിക വ്യക്തമാക്കിയിരുന്നു.
വെണ്ടക്കയും അവക്കാഡോയും മല്ലികയ്ക്ക് ഒരുപാട് ഇഷ്ടമാണ്. വെണ്ടക്ക കറിവെച്ച് കഴിക്കാനാണ് താത്പര്യമെന്നും ഇതിനൊപ്പം ധാരാളം ഗ്രീന്‍ സാലഡുകളും അവക്കാഡോയും കഴിക്കാറുണ്ടെന്നും അവര്‍ പറയുന്നു. 'തായ് ഗ്രീന്‍ കറിയും എനിക്കിഷ്ടമാണ്. കാരണം അത് തേങ്ങാപ്പാലിലാണ് ഉണ്ടാക്കുന്നത്. അതില്‍ ശരിയായ തരത്തിലുള്ള മസാലകളുമുണ്ട്.' മല്ലിക കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: mallika sherawats diet secrets for toned body at 49