കൊറോണയെ മെരുക്കലാണ് പ്രധാനം, കല്യാണം പിന്നെ; ഡിവൈഎസ്പിക്ക് സുമലതയുടെ സല്യൂട്ട്

കല്ല്യാണമോ കോവിഡിനെതിരായ പോരാട്ടമോ എന്ന ചോദ്യത്തിന് എം.ജെ.പൃഥ്വിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. കോവിഡിനെതിരായ പോരാട്ടം. അതിനുവേണ്ടി തന്റെ കല്ല്യാണം പോലും മാറ്റിവച്ചിരിക്കുകയാണ് കർണാടകയിലെ മലവള്ളിയിലെ ഡി.വൈ. എസ്.പിയായ പൃഥ്വി. തന്റെ അധികാരപരിധിയിൽ കോവിഡ്ബാധിതരുടെ എണ്ണം വർധിച്ചതോടെയാണ് കല്ല്യാണം മാറ്റിവച്ച് കർമരംഗത്ത് മുഴുകാൻ പൃഥ്വി തീരുമാനിച്ചത്.
ഐ.ആര്‍.എസ് ഓഫീസറായ ദ്യാമപ്പാ ഐറാനിയുമായിട്ടാണ് പൃഥ്വിയുടെ കല്യാണം ഉറപ്പിച്ചത്. മേയ് 5-ന് ശ്രീ ബി.ഡി. പാട്ടില്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ നടത്താന്‍ ആയിരുന്നു തീരുമാനം. മേയ് 4-ന് ഇതേ സ്ഥലത്ത് വിവാഹസത്കരാവും നടത്താന്‍ തീരുമാനിച്ചിരുന്നു.
പൃഥ്വി മൈസുരു സ്വദേശിയായതുകൊണ്ട് മേയ് 10-ന് മൈസൂരുവിലുള്ള പോലീസ് ഭവനിലും വിവാഹസത്കാരം നടത്താന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു. കല്യാണം മാറ്റിവെയ്ക്കാന്‍ രണ്ടുപേരും കൂടി ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പൃഥ്വി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിയ്യതി തീരുമാനിച്ചിട്ടില്ല.
ദ്യാമപ്പ ഐറാനി ബെംഗളൂരുവിലെ കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി. വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറാണ്. നടിയും മാണ്ഡ്യ എം.പി.യുമായ സുമലത ഇവരുടെ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തുവന്നിട്ടുണ്ട്.
'ഇവരൊക്കെയാണ് ശരിക്കുള്ള കൊറോണ പ്രതിരോധ പോരാളികള്‍, ഈ തീരുമാനത്തിനെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നാണ് സുമലത ട്വിറ്ററില്‍ കുറിച്ചത്.
ഇതുവരെയും 11 പേര്‍ക്കാണ് മാണ്ഡ്യ ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 10 പേരും മലവള്ളിയിലുള്ളവരാണ്.
Content Highlights: Malavalli dysp MJ Pruthvi postpones her wedding, keeping duty for covid 19
Content Highlights: