ദുബായ് വിമാനത്താവളത്തില്‍ 30 മണിക്കൂര്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍; ഡീപോര്‍ട്ട് ചെയ്യാന്‍ ശ്രമം

30 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ അനുഭവം പങ്കുവെച്ച് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്പോര്ട്ടില് കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഡീപോര്‍ട്ട് നടത്താനായിരുന്നു ശ്രമമെന്നും അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കാനായതെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് അവര്‍ അനുഭവം വിവരിച്ചത്.
പഴയ പാസ്പോര്ട്ടില് പുരുഷന് എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം നിരവധി തവണ ദുബായില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇമിഗ്രേഷന്‍ പരിശോധനയില്‍ സിസ്റ്റത്തില്‍ പുരുഷന് എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെടുകയായിരുന്നു. ഇതോടെ പാസ്പോര്ട്ടില് കൃത്രിമം നടത്തിയെന്ന സംശയത്തില്‍ ഡീപോര്‍ട്ട് ചെയ്യാനായിരുന്നു നീക്കം.
എന്നാല്‍ തിരിച്ചുപോകാന്‍ രഞ്ജു തയ്യാറായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ വിമാനത്താവള അധികൃതരെ കാര്യം ധരിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ദുബായില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
ദുബായിയിലെ തന്റെ ബ്യൂട്ടികെയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് രഞ്ജു ദുബായില്‍ എത്തിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ദുബായിയില്‍ വിമാനമിറങ്ങിയത്. ഒരു രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞ അവര്‍ അടുത്ത ദിവസം രാവിലെ ആണ് പുറത്തിറങ്ങിയത്.
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്ക് ദുബായിയില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്നും അതിന് വഴി ഒരുക്കാനായതില്‍ സന്തോഷമുണ്ടെന്നും വീഡിയോയില്‍ രഞ്ജു പറയുന്നു.
മനുഷ്യരായ നാമെല്ലാം അമ്മയുടെ വയറ്റിൽ പിറവിയെടുക്കുമ്പോൾ പൊരുതാൻ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റിൽ നിന്നും പുറത്തേക്കു വരാൻ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാൽ വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയിൽ ആരോടൊക്കെ പൊരുതിയാൽ ആണ് ജീവിതം മുന്നോട്ടു പോകുന്നത്,🙏🙏🙏🙏 ഒരു male ബോഡിയിൽ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു, എന്നാൽ ഞാൻ ആഗ്രഹിക്കുന്ന രൂപത്തിൽ ഒരു പാസ്പോർട്ട്, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, സർജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാൻയിരുന്നു വന്നത്, പക്ഷെ എന്റെ ട്രാവൽ ഹിസ്റ്ററിയിൽ പഴയ gender കണ്ടതിനാൽ കുറെ നിയമ പ്രശനങ്ങൾ നേരിടേണ്ടി വന്നു, തിരികെ പോകേണ്ട അവസ്ഥ വരെ വന്നു, oru തിരിച്ചു പോക്ക് ഉണ്ടായാൽ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാൽ ഞാൻ പൊരുതി നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാൻ ഔട്ട് സൈഡ് ൽ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ,ഐസക് sir, പിന്നെ എന്നെ അറിയാവുന്ന കുറേപേർ, immigration ൽ ഞാൻ അവരെ maximum കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറെ കഷ്ട്ടപെട്ടു,finally എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ൽ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്നം 🌹👍👍👍ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം 👍👍👍👍
Posted by Renju Renjimar on Wednesday, October 12, 2022
Content Highlights: make up artist renju renjimar stuck at dubai airport for long 30 hours