'വാക്പോര് ഇനി വേണ്ട'; രവി മോഹനും ആരതിയും പരസ്പരം അപകീർത്തികരമായ പ്രസ്താവനകൾ നടത്തരുതെന്ന് ഹൈക്കോടതി

രവി മോഹൻ, ആരതി രവി | Photos: instagram
രവി മോഹൻ, ആരതി രവി | Photos: instagram

നടന്‍ രവി മോഹന്റേയും (ജയം രവി) ആരതി രവിയുടേയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് തമഴകത്തെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും നേരത്തേ രംഗത്തെത്തിയിരുന്നു. രവി മോഹന്‍ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നുമാണ് ആരതി ആരോപിച്ചത്. തന്നെ ആരതി ശാരീരികമായും മാനസികമായും ദ്രോഹിച്ചുവെന്നും മക്കളെ കാണാന്‍ അനുവദിച്ചില്ലെന്നും പിന്നാലെ രവി മോഹനും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി, ബന്ധം തകരാന്‍ കാരണം മൂന്നാമതൊരാളാണെന്ന് ഗായിക കെനിഷ ഫ്രാന്‍സിസിനെ ഉദ്ദേശിച്ച് ആരതി തുറന്നടിച്ചു. അങ്ങനെ പരസ്പരം കൊണ്ടും കൊടുത്തും ഇരുവരും മുന്നോട്ടുപോകവെ, ഇപ്പോഴിതാ ഇരുവരുടേയും വാക്‌പോരിന് അറുതിവരുത്തിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. 

രവി മോഹനും ആരതി രവിയും ഇനി പരസ്പരം അപകീര്‍ത്തികരമായ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പ്രസ്താവനകളില്‍ നിന്ന് സംരക്ഷണം തേടി രവി മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റൂളിങ് നടത്തിയത്. ഇരുവരുടേയും വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണ് കോടതി പരസ്യ പ്രസ്താവനകള്‍ വിലക്കുന്നത്. രണ്ട് കക്ഷികളും മാന്യത പാലിക്കണമെന്നും കോടതി എടുത്തുപറഞ്ഞു. 

Related News: തുടരാനാവില്ലെന്ന് രവി മോഹൻ, ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ആരതി: റിപ്പോർട്ട്

ആരതി രവിയും അമ്മ സുജാത വിജയകുമാറും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഇന്‍ജക്ഷന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് രവി മോഹന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗായിക കെനിഷ ഫ്രാന്‍സിസിനൊപ്പം രവി മോഹന്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രവി-ആരതി ശീതയുദ്ധം തുടങ്ങിയത്. ഇരുവരും ഒന്നിച്ച് വിവാഹത്തിനെത്തിയതിന് പിന്നാലെയാണ് ഇവര്‍ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിച്ചതും വിവാഹമോചനവാര്‍ത്തകള്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതും.  

വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതി രവിയും കഴിഞ്ഞയാഴ്ച ചെന്നൈയിലെ കുടുംബകോടതിയില്‍ ഹാജരായിരുന്നു. വിവാഹബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലെന്ന് രവി അന്ന് വ്യക്തമാക്കിയെന്നും ആരതി ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് രവി മോഹന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. കേസ് ജൂണ്‍ 12-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 

Also Read: 'രവി മോഹനും ആരതിയും വേര്‍പിരിയാന്‍ കാരണം ഈ തമിഴ് നടന്‍'; ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

രവിയോടും ആരതിയോടും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇരുവരും ഇതിന് താത്പര്യം കാണിക്കുകയോ സിറ്റിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. ഇതോടെയാണ് മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15-നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസില്‍ വാദം നടന്നത്. 

കഴിഞ്ഞ സെപ്റ്റംബറിലാണ് താനും ആരതിയും തമ്മിലുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് രവി മോഹന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തെ കുറിച്ച് രവി പ്രഖ്യാപനം നടത്തിയതെന്നും ഈ തീരുമാനം തീര്‍ത്തും ഏകപക്ഷീയമാണെന്നും ആരതി വ്യക്തമാക്കിയിരുന്നു.

Content Highlights: Madras High Court bars Ravi Mohan and Aarti from making defamatory statements