വനിതാ പോലീസിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ചരിത്രത്തിലാദ്യമായി വനിതാ പോലീസിന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി മധ്യപ്രദേശ് സർക്കാർ. 2019ൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വനിതാ കോൺസ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയത്.
മതിയായ മാനസിക ശാരീരിക പരിശോധനകൾക്ക് ശേഷമാണ് അനുമതി നൽകിയത്. ഗ്വാളിയോറിലെയും ഡൽഹിയിലെയും ഡോക്ടർമാർ യുവതിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിർദേശങ്ങൾ നൽകിയെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
മധ്യപ്രദേശിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് സംഭവിക്കുന്നതെന്നും ഒരാളുടെ അവകാശമാണ് ലിംഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെൺശരീരത്തിൽ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയുംനാൾ ജീവിച്ചതെന്നും അതിൽ നിന്ന് മുക്തി നേടണമെന്നും അവർ ഫറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.
2018ൽ മഹാരാഷ്ട്രയിലെ ബീഡിൽ നിന്നുള്ള വനിതാ കോൺസ്റ്റബിൾ ലളിതാ സാൽവെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ കോൺസ്റ്റബിളായിരുന്നു ലളിത. സെന്റ് ജോർജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു ശേഷം പേര് ലളിത് എന്നാക്കി മാറ്റുകയും ചെയ്തിരുന്നു.
Content Highlights: Gender Affirmation Surgery, madhya pradesh govt, woman constable to undergo sex-change surgery
Content Highlights: