ലണ്ടനിലെ മനോഹരമായ വലിയവീടിന് ഇന്ത്യൻ നഗരങ്ങളിലെ ഫ്ലാറ്റിന്റെ വില; വൈറലായി എൻജിനീയറുടെ പോസ്റ്റ്

#ലൈഫ്സ്റ്റൈൽ ഡെസ്ക്

ഇന്ത്യൻ നഗരങ്ങളിൽ ഒരു ചെറിയ ഫ്ലാറ്റ് വാങ്ങാൻ നൽകേണ്ട അതേ തുകയ്ക്ക് ലണ്ടനിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വലിയ വീട് കിട്ടുമോ? അതെ എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വ്യക്തമാക്കുന്നത്. ലണ്ടനിലെയും ഇന്ത്യയിലെയും വസ്തുവിലകൾ തമ്മിലുള്ള ഈ വലിയ അന്തരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ലണ്ടനിൽ താമസിക്കുന്ന അർണവ് ഗുപ്ത എന്ന ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ.

ലണ്ടനിലെ വെംബ്ലി (Wembley) ജില്ലയിലുള്ള മനോഹരമായ ഒരു വലിയ വീടിന്റെ ചിത്രമാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചത്. ചുവന്ന മേൽക്കൂരയുള്ള ഈ വീടിന്റെ ഭിത്തികളിൽ വിസ്റ്റീരിയ ചെടികൾ പടർന്നുനിൽക്കുന്നത് കാണാം. 5 കോടി രൂപയിൽ താഴെ (ഏകദേശം 0.5 ദശലക്ഷം പൗണ്ട്) മാത്രം വിലമതിക്കുന്ന ഈ വീടിന്, കുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ പാകത്തിൽ വളരെ വിശാലമായ ഒരു മുറ്റവുമുണ്ട്. മാത്രമല്ല, സെൻട്രൽ ലണ്ടനിലേക്ക് ഇവിടെ നിന്നും വെറും 30 മിനിറ്റിൽ താഴെ മാത്രമേ യാത്രാ സമയമുള്ളൂ എന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ നഗരങ്ങളിൽ ഇതേ വിലയ്ക്ക് ലഭിക്കുന്ന ചെറിയ ഫ്ലാറ്റുകളുമായി ഈ വീടിനെ താരതമ്യം ചെയ്ത അർണവ്, ലണ്ടനിലെ വിപണി കണ്ടതിനു ശേഷം ഇന്ത്യയിലെ പ്രോപ്പർട്ടി വിപണി തനിക്ക് ഒട്ടും മനസ്സിലാകുന്നില്ല എന്ന് പോസ്റ്റിൽ കുറിച്ചു.

ഈ പോസ്റ്റ് വൈറലായതോടെ റിയൽ എസ്റ്റേറ്റ് വിലകളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വീടിന്റെ രൂപകൽപനയും ലാൻഡ്സ്കേപ്പിംഗും വളരെ മനോഹരമാണെന്ന് ചിലർ കമൻ്റ് ചെയ്തു. ഈ മികച്ച ജീവിതനിലവാരം കാണുമ്പോൾ വിദേശത്തേക്ക് മാറുന്നതിനെക്കുറിച്ച് താനും ചിന്തിക്കുകയാണെന്ന് മറ്റൊരാൾ പ്രതികരിച്ചു.
"ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണി ഒരു തമാശയാണ്, അത് ഇടത്തരക്കാർക്ക് വേണ്ടിയുള്ളതല്ല" എന്നാണ് വേറൊരാൾ അഭിപ്രായപ്പെട്ടത്.

Content Highlights: Indian software engineer Arnav Gupta’s viral post comparing a spacious £0.5 million (₹5 crore) house in London's Wembley to overpriced small flats in Indian cities has triggered a massive debate on the affordability of the Indian real estate market.