കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും വിവാഹിതരാകുമോ? അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി ലിസി

#Lifestyle Desk
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും, ലിസി | Photos: Mathrubhumi, instagram
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും, ലിസി | Photos: Mathrubhumi, instagram

2022-ൽ പുറത്തിറങ്ങിയ ഹൃദയം, 2024-ൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച താരങ്ങളാണ് കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും. വെള്ളിത്തിരയിൽ ഒന്നിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ രണ്ട് ചിത്രങ്ങളിൽ നായികാനായകന്മാരായതോടെ ഇരുവരേയും ചേർത്തുള്ള ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങി. ആ പ്രചരണങ്ങളിൽ സത്യമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോൾ കല്യാണിയുടെ അമ്മ ലിസി.

വിഷുവിനോടനുബന്ധിച്ചുള്ള ലിസിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ലിസി കല്യാണി-പ്രണവ് വിവാഹാഭ്യൂഹത്തിൽ വ്യക്തത വരുത്തിയത്. വിഷുക്കണിയുടെ ചിത്രവും വിഷു ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റായിരുന്നു ഇത്. 'എല്ലാവർക്കും സമൃദ്ധിയും ഐശ്വര്യവും ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു' എന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ലിസി വിഷു ആശംസ നേർന്നത്. കസവുസാരി ധരിച്ച് വിഷുക്കണിയെ കൈതൊഴുന്ന ലിസിയുടെ ഏതാനും ചിത്രങ്ങളും പോസ്റ്റിലുണ്ട്.

ഈ പോസ്റ്റിന് താഴെയാണ് ഒരാൾ കല്യാണിയുടേയും പ്രണവിന്റേയും കാര്യം കമന്റായി ഇട്ടത്. 'കല്യാണി-പ്രണവ് വിവാഹത്തിനായി കാത്തിരിക്കുന്നു' എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയായാണ് ലിസി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. 'വ്യാജവാർത്ത' എന്ന് ഒറ്റവാക്കിലായിരുന്നു ലിസിയുടെ മറുപടി.

മോഹൻലാലിന്റേയും പ്രിയദർശന്റേയും മക്കളായ പ്രണവും കല്യാണിയും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണ്. വെള്ളിത്തിരയിൽ പരസ്പരം പ്രണയിക്കുന്നവരായി അഭിനയിച്ചിട്ടുണ്ടെങ്കിലും തങ്ങൾ തമ്മിൽ സഹോദരതുല്യമായ ബന്ധമാണെന്ന് കല്യാണി നേരത്തേ പറഞ്ഞിട്ടുണ്ട്.

Content Highlights: Ever since their collaboration in 'Hridayam' (2022) and 'Varshangalkku Shesham' (2024), fans have been speculating about a real-life romance between Kalyani Priyadarshan and Pranav Mohanlal. However, Kalyani's mother, veteran actress Lissy, recently put these rumors to rest. Responding to a fan's comment on her Vishu greetings post on Instagram, Lissy explicitly termed the marriage news as "Fake News." The two stars, children of legends Mohanlal and Priyadarshan, have maintained that they share a sibling-like bond since childhood.