മോദിയുമായുള്ള അഭിമുഖത്തിനു മുൻപ് 45 മണിക്കൂർ ഉപവസിച്ചെന്ന് ലെക്‌സ് ഫ്രിഡ്മാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള അഭിമുഖത്തിനായി രണ്ടുദിവസത്തോളം ഉപവാസമിരുന്നെന്ന് പോഡ്കാസ്റ്ററും എഐ ഗവേഷകനുമായ ലെക്‌സ് ഫ്രിഡ്മാന്‍. മോദിയുമായുള്ള സംഭാഷണത്തിനിടെയാണ് ഫ്രിഡ്മാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിനായി കഴിഞ്ഞ 45 മണിക്കൂറായി താന്‍ ഉപവാസത്തിലാണെന്നാണ് ഫ്രിഡ്മാന്‍ പറഞ്ഞത്.
ഉപവാസത്തെക്കുറിച്ച് മോദിയോടുള്ള ചോദ്യത്തിന് മുമ്പ് ആമുഖമായാണ് ഫ്രിഡ്മാന്‍, തന്റെ കാര്യവും വെളിപ്പെടുത്തിയത്. 'ഞാന്‍ ഇപ്പോള്‍ ഉപവാസത്തിലാണ്. ഏതാണ്ട് രണ്ടുദിവസമായി, 45 മണിക്കൂര്‍. ഞാന്‍ വെള്ളം മാത്രമേ കുടിച്ചിട്ടുള്ളൂ, ഭക്ഷണം കഴിച്ചിട്ടില്ല. ഈ അഭിമുഖത്തോടുള്ള ആദരസൂചകമായാണത്, ശരിയായ മാനസിക നിലയിലേക്കും ആത്മീയതലത്തിലേക്കുമെത്താനാണ് ഉപവാസം അനുഷ്ഠിച്ചത്', ഫ്രിഡ്മാന്‍ പറഞ്ഞു. ഇതിന് പൊട്ടിച്ചിരിയായിരുന്നു മോദിയുടെ മറുപടി.
'നിങ്ങള്‍ ദിവസങ്ങളോളം ഉപവാസമിരിക്കാറുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. എന്തിനാണ് ഉപവസിക്കുന്നതെന്നും അപ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥ എന്താണെന്നും പറയാമോ', എന്നായിരുന്നു മോദിയോട് ഫ്രിഡ്മാന്റെ ചോദ്യം.
'നിങ്ങള്‍ ഉപവസിക്കുകയാണ് എന്നറിഞ്ഞത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. അതിനേക്കാളേറെ എന്നോടുള്ള ബഹുമാനാര്‍ഥമാണ് നിങ്ങള്‍ അങ്ങനെ ചെയ്യുന്നത് എന്നത് ആശ്ചര്യംവര്‍ധിപ്പിക്കുന്നു. അതിന് നിങ്ങളോട് ആഴത്തിലുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു', എന്ന് ആമുഖമായി പറഞ്ഞശേഷം മോദി, ഫ്രിഡ്മാന്റെ ചോദ്യത്തിന് മറുപടി പറഞ്ഞു.
Content Highlights: Lex Fridman reveals he fasted for 2 days before interviewing PM Modi