വൈറലായി മെഡിറ്ററേനിയനിലെ പ്രണയം; അറിയാം ലിയാനാര്‍ഡോ ഡി കാപ്രിയോയുടെ കാമുകി വിറ്റോറിയയെ

ടൈറ്റാനിക് എന്ന മനോഹര പ്രണയചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യമെത്തുന്ന മുഖങ്ങളിലൊന്നാണ് ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡി കാപ്രിയോയുടേത്. ടൈറ്റാനിക്കിന് പുറമെ ദി വോള്‍ഫ് ഓഫ് ദി വാള്‍ സ്ട്രീറ്റ്, ഇന്‍സെപ്ഷന്‍, ദി റെവനന്റ്, ഷട്ടര്‍ ഐലന്‍ഡ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് ഡി കാപ്രിയോ.
എന്നാല്‍ ഇപ്പോള്‍ ലിയാനാര്‍ഡോ ഡി കാപ്രിയോ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് തന്റെ ഏതെങ്കിലും സിനിമയുടെ പേരിലല്ല. മെഡിറ്ററേനിയൻ കടലിലൂടെ ഒഴുകുന്ന യാച്ചില്‍ കാമുകിക്കൊപ്പം പ്രണയനിമിഷങ്ങള്‍ പങ്കിടുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Also Read: അധികമൊന്നുമില്ല, വെറും 105 കോടി രൂപ! ലോസ് ആഞ്ജലിസില്‍ പുതിയ വീട് വാങ്ങി നടന്‍ ബ്രാഡ് പിറ്റ്
കാമുകിമാരുമായുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന താരമാണ് 50-കാരനായ ഡി കാപ്രിയോ. ഇപ്പോള്‍ അദ്ദേഹത്തിന്റെ കാമുകിയായ വിറ്റോറിയ സെറെട്ടിക്കും ഡി കാപ്രിയോയുമായി 23 വയസിന്റെ വ്യത്യാസമാണ് ഉള്ളത്. എന്നാല്‍ ഡി കാപ്രിയോയെ അറിയുന്നതുപോലെ അധികമാര്‍ക്കും അറിയില്ല, കാമുകിയും ഇറ്റാലിയന്‍ സൂപ്പര്‍ മോഡലുമായ വിറ്റോറിയയെ.
ഇറ്റലിയിലെ ബ്രെസ്‌കിയയില്‍ 1998-ലാണ് വിറ്റോറിയ ജനിക്കുന്നത്. തന്റെ 14-ാം വയസിലാണ് വിറ്റോറിയ ഫാഷന്‍ ലോകത്ത് ശ്രദ്ധേയയാകുന്നത്. അന്ന് എലൈറ്റ് മോഡല്‍ ലുക്ക് കോമ്പറ്റീഷന്റെ ഫൈനല്‍ റൗണ്ട് വരെ എത്താന്‍ വിറ്റോറിയയ്ക്ക് കഴിഞ്ഞു. പിന്നീട് ഡിയോര്‍, ലൂയി വിറ്റോണ്‍, അര്‍മാനി, ഫെന്‍ഡി തുടങ്ങിയ ഭീമന്‍ ബ്രാന്‍ഡുകളുടെ മോഡലായി മാറി വിറ്റോറിയ.
റാമ്പിലെ ആത്മവിശ്വാസവും വ്യത്യസ്തമായ ലുക്കുകളും വിറ്റോറിയയെ ഡിസൈനര്‍മാരുടെ പ്രിയപ്പെട്ട മോഡലാക്കി. വോഗ് മാഗസിന്റെ കവര്‍ ചിത്രമായി 24 തവണയാണ് വിറ്റോറിയ സെറെട്ടി പ്രത്യക്ഷപ്പെട്ടത്. സ്വന്തം തലമുറയിലെ മോഡലുകള്‍ക്കിടയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരിലൊരാളാണ് വിറ്റോറിയ.
ഇറ്റാലിയന്‍-അമേരിക്കന്‍ ഡിജെയും മ്യൂസിക് പ്രൊഡ്യൂസറുമായ മാറ്റിയോ മില്ലേരിയായിരുന്നു വിറ്റോറിയയുടെ ആദ്യഭര്‍ത്താവ്. 2020-ല്‍ ഇബീസയിലെ ബീച്ചില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. പിന്നീട് 2023-ല്‍ ഇരുവരും വിവാഹബന്ധം വേര്‍പിരിഞ്ഞു. ഇതിന് ശേഷമാണ് ഹോളിവുഡ് താരം ലിയൊനാര്‍ഡോ ഡി കാപ്രിയോയുമായി വിറ്റോറിയ ഡേറ്റിങ് തുടങ്ങുന്നത്.
Don't Miss: ദീപികാ പദുക്കോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം; ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
2023-ല്‍ കാന്‍സ് ചലച്ചിത്രമേളയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഡി കാപ്രിയോ അഭിനയിച്ച കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിനിടെയായിരുന്നു ഇത്. പിന്നീട് അതേവര്‍ഷം സെപ്റ്റംബറില്‍ ഇരുവരും അവധിക്കാലം ചെലവഴിക്കാനായി ഇബീസയിലെത്തി. ഇതോടെ ഗോസിപ്പുകള്‍ ശക്തമായി.
ലിയൊനാര്‍ഡോയ്ക്ക് വിറ്റോറിയയോട് അഗാധമായ സ്‌നേഹമാണെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പ്രിയപ്പെട്ട വിറ്റോറിയയെ ഡി കാപ്രിയോ തന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലിയിലെ മിലാനിലുള്ള പിനാകോടേക്കാ അംബ്രോസിയാനാ മ്യൂസിയത്തില്‍ ഇരുവരും ഡി കാപ്രിയോയുടെ അമ്മയ്‌ക്കൊപ്പമെത്തിയിരുന്നു.
Content Highlights: Who is Leonardo DiCaprio’s girlfriend Vittoria Ceretti? Know everything about the Italian supermodel