ലക്ഷ്യം യുഎസ് പൗരത്വം, വിവാഹബന്ധം തുടരാന്‍ 3 കോടി വാഗ്ദാനം; മുന്‍ ഭര്‍ത്താവിനെതിരെ യുവതി

വിവാഹമോചനത്തില്‍ നിന്ന് പിന്മാറാന്‍ മുന്‍ ഭര്‍ത്താവ് വന്‍ തുക വാഗ്ദാനം ചെയ്തുവെന്ന് ആരോപിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ലാസ് വെഗാസില്‍ നിന്നുള്ള സംരഭക. അമേരിക്കന്‍ പൗരത്വം എളുപ്പത്തില്‍ നേടുന്നതിനായാണ് വിവാഹബന്ധത്തില്‍ തുടരാന്‍ 2.97 കോടി രൂപ വാഗ്ദാനം ചെയ്തതെന്നും യുവതി ആരോപിക്കുന്നു. ഈ വാഗ്ദാനം താന്‍ നിരസിച്ചതിനെ തുടര്‍ന്ന് അനാവശ്യമായ നിയമ നടപടികളിലേക്ക് തന്നെ വലിച്ചിഴച്ചുവെന്നും അത് ജീവിതം പൂര്‍ണമായും തകര്‍ത്തുവെന്നും യുവതി പറയുന്നു. അലക്‌സാന്ദ്ര അഗ്വിലാര്‍ സോണിയര്‍ എന്ന യുവതിയാണ് മുന്‍ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്.
കുടിയേറ്റ തട്ടിപ്പ് നടത്താന്‍ അയാള്‍ എനിക്ക് കൈക്കൂലി തരികയായിരുന്നു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന മട്ടില്‍ കഴിഞ്ഞ 17 മാസമായി അയാള്‍ നിസാരമായ കേസുകളുമായി ലാസ് വെഗാസ് കുടുംബ കോടതിയില്‍ എന്നെ വലിച്ചിഴക്കുകയാണ്.' യുവതി ആരോപിക്കുന്നു. മുന്‍ ഭര്‍ത്താവ് തനിക്ക് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും രേഖകളുടെ ചിത്രങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
നിയമപോരാട്ടത്തിനിടയില്‍ തന്റെ ബിസിനസും സമ്പാദ്യവും നഷ്ടപ്പെട്ടുവെന്നും വലിയ കടബാധ്യത ഉണ്ടായെന്നും അവര്‍ പറയുന്നു. നിയമപരമായ ഫീസുകള്‍ക്കായി 35 ലക്ഷം രൂപ ചെലവഴിച്ചെന്നും ഇതില്‍ 17 ലക്ഷം രൂപ വിവാഹമോചനത്തിന് മാത്രമായാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വീഡിയോയ്ക്ക് താഴെ യുവതിയെ പിന്തുണച്ചും വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 2.97 കോടി രൂപ അയാളുടെ കൈവശമുണ്ടെങ്കില്‍ യു.എസില്‍ തുടരാന്‍ അയാള്‍ക്ക് നിങ്ങളുടെ ആവശ്യമില്ല എന്നാണ് ഒരാള്‍ കുറിച്ചത്. ഇങ്ങനെ ഒരു വ്യക്തിയെ തുറന്നുകാട്ടിയത് വലിയ കാര്യമാണെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്തത് വിഡ്ഢിത്തമാണെന്നും ആ പണം വാങ്ങുന്നതായിരുന്നു നല്ലതെന്നുമാണ് ഒരാള്‍ കുറിച്ചത്.
Content Highlights: las vegas entrepreneur claims ex husband offered her 3 crore to stay married for his us citizenship