'ദേ മനുഷ്യാ, നിങ്ങള്‍ വൈറലായി'-ഭാര്യ വിളിച്ചുപറഞ്ഞപ്പോഴാണ് കാര്യമറിഞ്ഞതെന്ന് കണ്ടക്ടര്‍ രാജീവ്

'മനോഹരമായ യാത്രകള്‍ ഉണ്ടാകുന്നത് എപ്പോഴാണ്..? ഇഷ്ടപ്പെട്ട യാത്രകള്‍ ചെയ്യുമ്പോഴും പ്രിയപ്പെട്ടവരുമായി യാത്രചെയ്യുമ്പോഴും ആയിരിക്കും'. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം തീര്‍ഥാടനയാത്രയില്‍ മൂവാറ്റുപുഴയില്‍നിന്ന് ആറന്മുള വള്ളസ്സദ്യ ഉണ്ണാന്‍വന്ന യാത്രക്കാര്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ്. യാത്ര മനോഹരമായതിന്റെ കാരണം കൂത്താട്ടുകുളം ഡിപ്പോയിലെ കണ്ടക്ടര്‍ കൊല്ലം കുണ്ടറ സ്വദേശിയായ സി.എസ്. രാജീവ്കുമാറാണ്.
യാത്രയില്‍ പുറത്തെ കാഴ്ചകള്‍ കാണാന്‍ യാത്രക്കാര്‍ക്ക് സമയം കിട്ടിയെന്നുവരില്ല, ബസിനകത്തെ പാട്ടിലും ഡാന്‍സിലും ആയിരിക്കും അവരുടെ ശ്രദ്ധമുഴുവന്‍. യാത്രക്കാര്‍ എല്ലാവരും മുന്‍കൂര്‍ ടിക്കറ്റ് എടുത്തവരാണെങ്കിലും കണ്ടക്ടര്‍ എപ്പോഴും യാത്രക്കാരുടെ ഇടയിലായിരിക്കും.
രാജീവ് പാട്ടിനൊപ്പം താളംചവിട്ടുന്നതോടുകൂടി പ്രായഭേദമില്ലാതെ എല്ലാ യാത്രക്കാരും ഒപ്പംകൂടും. ഒരുവരി മൂളിപ്പാട്ട് പാടാത്തവര്‍ പോലും രാജീവിന്റെ ഡാന്‍സിനൊപ്പം താളംപിടിക്കും.
ദേ മനുഷ്യാ, നിങ്ങള്‍ വൈറലായി
രണ്ടാഴ്ച്ചമുമ്പ് മൂകാംബിക ട്രിപ്പ് കഴിഞ്ഞ് മടങ്ങിവന്നുകൊണ്ടിരിക്കുമ്പോഴാണ് ഭാര്യ നിഷാ രാജീവിന്റെ 'ദേ മനുഷ്യാ, നിങ്ങള്‍ വൈറലായി' എന്ന് പറഞ്ഞുള്ള ഫോണ്‍കോള്‍ എത്തുന്നത്. അപ്പോഴേക്കും സോഷ്യല്‍ മീഡിയ മുഴുവന്‍ രാജീവിന്റെ പാട്ടും ഡാന്‍സും വൈറലായി കഴിഞ്ഞിരുന്നു. നേരത്തെ നടത്തിയ മലക്കപ്പാറ ട്രിപ്പില്‍ യാത്രക്കാരുടെ ബോറടി മാറ്റാനായി അടിപൊളി പാട്ട് ഇട്ട് ഡാന്‍സ് ചെയ്തിരുന്നു.
ഇതിന്റെ വീഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടിയാണ് വൈറലായത്. ഡാന്‍സ് ചെയ്യാന്‍ ആദ്യം ആരും കൂടെയില്ലായിരുന്നെങ്കിലും ട്രിപ്പ് അവസാനിക്കാറായപ്പോഴേക്കും എല്ലാവരും ഡാന്‍സ് മൂഡില്‍ ആയെന്ന് ബസില്‍ ഉണ്ടായിരുന്ന ഭാസ്‌കരനും രമണിയും പറയുന്നു. രണ്ടുപേരും വള്ളസദ്യ കഴിക്കാനുള്ള ട്രിപ്പിലും ഉണ്ടായിരുന്നു.
ശനിയാഴ്ച കൂത്താട്ടുകുളത്ത് നിന്ന ആറന്മുളയിലേക്ക് രണ്ട് ബസുകളാണ് എത്തിയത്. രണ്ടാമത്തെ ബസില്‍ വന്നവരും രാജീവിന്റെ ബസില്‍ സീറ്റുണ്ടോ എന്ന് തിരക്കുന്നുണ്ടായിരുന്നു. വിജയ്‌യുടേയും രജനീകാന്തിന്റേയും സിനിമകളിലെ പാട്ടുകളാണ് രാജീവിന് കൂടുതല്‍ ഇഷ്ടം. വീട്ടില്‍ ചെല്ലുമ്പോള്‍ മകന്‍ അര്‍ഥവിനും മകള്‍ ലക്ഷ്മിക്കൊപ്പവും ചുവടുകള്‍ വെയ്ക്കാറുണ്ട്. കെഎസ്ആര്‍ടിസി കൂത്താട്ടുകുളം ഡിപ്പോയിലെ ബജറ്റ് ടൂറിസം യൂണിറ്റ് കോഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം.