അഫ്ഗാൻ MMA താരം അബ്ദുൾ അസിമിനൊപ്പം ലിവിങ് ടുഗദർ; പ്രണയകഥ പറഞ്ഞ് ജാക്കി ഷെറോഫിന്റെ മകൾ കൃഷ്ണ

#Lifestyle Desk
കൃഷ്ണ ഷെറോഫും അബ്ദുൾ അസിം ബദാക്ഷിയും, കൃഷ്ണ ഷെറോഫ് | Photos: instagram
കൃഷ്ണ ഷെറോഫും അബ്ദുൾ അസിം ബദാക്ഷിയും, കൃഷ്ണ ഷെറോഫ് | Photos: instagram

ദി 50 എന്ന റിയാലിറ്റി ഷോയിലൂടെ വലിയ ശ്രദ്ധ നേടുകയാണ് ബോളിവുഡ് താരം ജാക്കി ഷെറോഫിന്റെ മകളും ടൈഗർ ഷെറോഫിന്റെ സഹോദരിയുമായ കൃഷ്ണ ഷെറോഫ്. ഷോയുടെ പുതിയ എപ്പിസോഡിൽ തന്റെ വ്യക്തിജീവിതത്തെ കുറിച്ച് കൃഷ്ണ പറയുന്നതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. തന്റെ പ്രണയകഥ ഫിറ്റ്‌നെസ് പ്രേമി കൂടിയായ കൃഷ്ണ ഷോയിൽ തുറന്ന് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അബ്ദുൾ അസിം ബദാക്ഷിയാണ് കൃഷ്ണയുടെ പങ്കാളി. ഇരുവരും ലിവിങ് ടുഗദർ റിലേഷൻഷിപ്പിലാണ്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) താരമാണ് അബ്ദുൾ അസിം. തനിക്ക് പ്രണയം എന്നാൽ തന്റെ പങ്കാളിയുടെ സന്തോഷത്തോടുള്ള കരുതലാണെന്ന് റിയാലിറ്റി ഷോയിലെ സഹ മത്സരാർഥികളായ പ്രിൻസ് നരൂല, യുവികാ ചൗധരി എന്നിവരോടായി കൃഷ്ണ പറഞ്ഞുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് താനും അബ്ദുൾ അസിമും കണ്ടുമുട്ടിയതെന്ന് കൃഷ്ണ ഷെറോഫ് പറഞ്ഞു. പിന്നീട് അബ്ദുൾ തനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചത് ശ്രദ്ധിച്ചു. 'ഇൻസ്റ്റഗ്രാമിൽ ഡിഎം നോക്കുമ്പോഴാണ് അവന്റെ പ്രൊഫൈൽ അവിടെ കണ്ടത്. അവൻ എനിക്ക് 'ഹായ്' എന്ന് മെസേജ് അയച്ചു. ഞാൻ മറുപടി നൽകി. ഉടൻ അവൻ എന്നോട് ഫോൺ നമ്പർ ആവശ്യപ്പെട്ടു. അതുവരെ ആരും എന്നെ അത്ര ആത്മവിശ്വാസത്തോടെ സമീപിച്ചിരുന്നില്ല. ആ ആത്മവിശ്വാസം എനിക്ക് ഇഷ്ടമായി. ഞങ്ങൾ സംസാരിക്കുന്ന ഭാഷ പോലും വ്യത്യസ്തമായിരുന്നു. അവൻ പേർഷ്യനും ഞാൻ ഇംഗ്ലീഷും. അവൻ എന്നെ പോലെ തപ്പിത്തടഞ്ഞാണ് ഹിന്ദി സംസാരിക്കുന്നത്.' -കൃഷ്ണ ഷെറോഫ് പറഞ്ഞു.

എട്ട് മാസത്തോളം വീഡിയോ കോളുകളിൽ തങ്ങൾ സംസാരിച്ചുവെന്നും അവർ പറഞ്ഞു. അക്കാലയളവിൽ പരസ്പരം നന്നായി മനസിലാക്കി. ജീവിതത്തെ കുറിച്ച് സംസാരിച്ചു. ഒടുവിൽ ഗോവയിൽ വെച്ച് കണ്ടുമുട്ടി. രണ്ടാഴ്ചയോളം ഒന്നിച്ച് ചെലവഴിച്ചു. 'ആ രണ്ടാഴ്ചയ്ക്ക് ശേഷം 'ഗുഡ് ബൈ' പറയുമ്പോൾ ഞങ്ങൾ ഒരുപക്ഷേ ഇനിയൊരിക്കലും കാണാനിടയില്ല എന്ന് ഞങ്ങൾക്കറിയാമായിരുന്നു. വിമാനത്താവളത്തിലെത്തിയപ്പോഴേക്ക് ഞങ്ങൾ കരയുകയായിരുന്നു. അവന് ഡൽഹിയിലെ സുഹൃത്തിനരികിലേക്ക് പോയി. ഞാൻ മുംബൈയിലേക്കും.' -കൃഷ്ണ പറഞ്ഞു.

'പിന്നീട് അവൻ പറഞ്ഞു, അവന് തിരിച്ച് പോകാൻ കഴിഞ്ഞില്ല എന്ന്. അതോടെ ഞാൻ അവനെ കാണാനായി ഡൽഹിയിലേക്ക് പോയി. മൂന്നാഴ്ചയോളം ഞാൻ ഡൽഹിയിലായിരുന്നു. ഞങ്ങളുടെ ബന്ധം വളർന്നു. പിന്നെ ഞാൻ അവനോട് നേരിട്ട് ചോദിച്ചു, മുംബൈയിലേക്ക് വരുന്നോ എന്ന്. എന്റെ കൂടെ താമസിക്കാം എന്നും ഞാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒന്നിച്ച് പോയി.' -കൃഷ്ണ പറഞ്ഞു.

അതേസമയം തന്റെ പങ്കാളിയുടെ പേര് കൃഷ്ണ നേരിട്ട് പറഞ്ഞിട്ടില്ല. സൂചനകളിൽ നിന്ന് ഇത് അബ്ദുൾ അസിം ആണെന്ന് വ്യക്തമാണ്. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇരുവരുടേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ കാണാം. ദി 50 എന്ന റിയാലിറ്റി ഷോയിലെ ക്ലിപ്പും അബ്ദുൾ അസിം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കളേഴ്‌സ് ടിവിയിലും ജിയോ ഹോട്ട് സ്റ്റാറിലുമാണ് ഷോ സംപ്രേഷണം ചെയ്യുന്നത്.

Content Highlights: Krishna Shroff shared her love story with Afghan MMA fighter Abdul Azim Badakshi on 'The 50'. Despite language barriers, they connected over long video calls and a chance meeting in Goa. Now living together, Krishna credits his confidence.