'5184 മണിക്കൂർ പഠനത്തിന്റെ ഫലം'; നിയമബിരുദം നേടി കിം കർദാഷിയാൻ, കോളേജിൽ പോകാതെ അഭിഭാഷകയായത് ഇങ്ങനെ

കിം കർദാഷിയാൻ | Photos: instagram
കിം കർദാഷിയാൻ | Photos: instagram

റുവര്‍ഷത്തെ പഠനത്തിനുശേഷം നിയമബിരുദം നേടിയതായി നടിയും മോഡലുമായ കിം കര്‍ദാഷിയാന്‍. ഇന്‍സ്റ്റഗ്രാമിലൂടെ കിം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 'ഈ യാത്രയില്‍ നിങ്ങളെല്ലാവരും എനിക്കൊപ്പമുണ്ടായിരുന്നു' എന്ന് കുടുംബവും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ സ്വകാര്യ ചടങ്ങില്‍ കിം കര്‍ദാഷിയാന്‍ പറഞ്ഞുവെന്ന് പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

എക്‌സില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വീഡിയോ കണ്ട ശേഷമാണ് നിയമം പഠിക്കണമെന്ന ആഗ്രഹമുണ്ടായതെന്നും കിം പറഞ്ഞു. ചാരനിറത്തിലുള്ള സ്വെറ്ററും ലെതര്‍ കൊണ്ടുള്ള കറുത്ത സ്‌കര്‍ട്ടും കറുത്ത സ്റ്റോക്കിങ്‌സുമായിരുന്നു ചടങ്ങിലെ കിം കര്‍ഷാദിയാന്റെ വേഷം. ഒപ്പം വെളുത്ത നിറത്തിലുള്ള പമ്പ്‌സ് പാദരക്ഷകളുമുണ്ടായിരുന്നു. 

നിയമബിരുദത്തിലേക്കുള്ള കിം കര്‍ദാഷിയാന്റെ യാത്ര പ്രചോദനാത്മകമാണെന്ന് താരത്തിന്റെ മെന്റര്‍മാരില്‍ ഒരാള്‍ പറഞ്ഞു. ആറുവര്‍ഷം മുമ്പാണ് കിം ഇത് തുടങ്ങിയത്. നീതിക്കുവേണ്ടി പോരാടാനുള്ള ആഗ്രഹമല്ലാതെ മറ്റൊന്നും അപ്പോള്‍ അവര്‍ക്കുണ്ടായിരുന്നില്ല. ലോ സ്‌കൂള്‍ ലെക്ചര്‍മാരില്ല, കുറുക്കുവഴികളില്ല, ദൃഢനിശ്ചയം മാത്രം. ഇക്കാലയളവില്‍ 5184 മണിക്കൂറാണ് കിം നിയമം പഠിച്ചത്. ഇക്കാലയളവില്‍ തന്റെ നാലുമക്കളെ നോക്കുകയും ബിസിനസ് നടത്തുകയും ടിവി ഷോകള്‍ ചെയ്യുകയുമെല്ലാം കിം ചെയ്തിരുന്നുവെന്നും മെന്റര്‍ പറഞ്ഞു. 

കിം കര്‍ദാഷിയാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ 

കിം കര്‍ദാഷിയാന് വലിയ സര്‍പ്രൈസായാണ് കുടുംബവും സുഹൃത്തുക്കളും ചടങ്ങ് നടത്തിയതെന്ന് യുഎസ് വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പോലെയുള്ള ഒത്തുകൂടലാണെന്നാണ് കിമ്മിനോട് പറഞ്ഞിരുന്നത്. ലോ മെന്റര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തുമെന്നത് സംബന്ധിച്ച് ഒരു വിവരവും അവര്‍ക്കുണ്ടായിരുന്നില്ല. 

മള്‍ട്ടിസ്റ്റേറ്റ് പ്രൊഫഷണല്‍ റെസ്‌പോണ്‍സിബിലിറ്റി പരീക്ഷയാണ് കിം പാസായതെന്നും യുഎസ് വീക്ക്‌ലി റിപ്പോര്‍ട്ട് ചെയ്തു. ഇനി കിമ്മിന് ബാര്‍ പരീക്ഷയെഴുതാനും അങ്ങനെ കാലിഫോര്‍ണിയയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനും കഴിയും. സാധാരണപോലെ കോളേജില്‍ പോകാതെ കാലിഫോര്‍ണിയയിലെ സവിശേഷമായ അപ്രന്റീസ് ഷിപ്പ് പരിപാടിയിലൂടെയാണ് കിം നിയമബിരുദം നേടിയത്. കിം കര്‍ദാഷിയാന്റെ പിതാവ് റോബര്‍ട്ട് കര്‍ദാഷിയാന്‍ അഭിഭാഷകനായിരുന്നു.

Content Highlights: Kim Kardashian graduates: How can the Skims founder become a lawyer without a college degree?