‘ഞങ്ങളുടെ കണ്ണുകൾ ഇപ്പോഴും ഈറനണിഞ്ഞിരിക്കുകയാണ്’; മകളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഖുശ്ബു

#Lifestyle Desk
മകൾ അവന്തികയുടെ വിവാഹദിനത്തിൽ ഖുശ്ബുവും ഭർത്താവ് സുന്ദറും
മകൾ അവന്തികയുടെ വിവാഹദിനത്തിൽ ഖുശ്ബുവും ഭർത്താവ് സുന്ദറും

മകളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് നടി ഖുശ്ബു സുന്ദർ. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹരമായ കുറിപ്പിനൊപ്പം വിവാഹ ചിത്രങ്ങളും താരം പങ്കുവെച്ചത്. ഈ നിമിഷത്തെക്കുറിച്ച് പങ്കുവെക്കാൻ വാക്കുകൾ മതിയാവില്ല എന്നുപറഞ്ഞാണ് ഖുശ്ബു കുറിപ്പ് ആരംഭിച്ചത്.

വിവാഹങ്ങൾ സ്വർഗ്ഗത്തിൽ വെച്ച് നടക്കുന്നു എന്ന് ഞങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു എന്ന് ഖുശ്ബു കുറിച്ചു. ഞങ്ങളുടെ മകൾ അവന്തിക സുന്ദർ 2026 ജൂൺ 25-ന് ശ്രാവൺ ശ്രീനിവാസനെ വിവാഹം കഴിച്ചെന്ന വാർത്ത സന്തോഷത്തോടും കൃതജ്ഞതയോടും കൂടി പങ്കുവെക്കുകയാണ്. ഞങ്ങളുടെ കണ്ണുകൾ ഇപ്പോഴും ഈറനണിഞ്ഞിരിക്കുകയാണ്, ഹൃദയം സന്തോഷത്താലും കൃതജ്ഞതയാലും നിറഞ്ഞിരിക്കുന്നു.- ഖുശ്ബു കുറിച്ചു.

അവന്തികയും ശ്രാവണും

വരനും വധുവും ആഗ്രഹിച്ചതുപോലെ ഇത് ഒരു ചെറിയതും ഇന്റിമേറ്റുമായ ആഘോഷമായിരുന്നു. അവരുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ചിലപ്പോൾ, ഏറ്റവും മനോഹരമായ നിമിഷങ്ങൾ ഏറ്റവും അടുപ്പമുള്ളവരുമായി ശാന്തമായി പങ്കിടുന്നവയാണ് എന്നും ഖുശ്ബു കുറിച്ചു.

അവന്തികയുടെയും ശ്രാവണിന്റെയും ഈ പുതിയ അധ്യായത്തിന് എല്ലാവരുടെയും സ്നേഹവും ആശംസകളും തേടുന്നുവെന്നും ഖുശ്ബു കുറിച്ചു.

ഗോവയിലെ ഒരു ആഡംബര റിസോർട്ടിൽ വെച്ചാണ് ഖുശ്ബു സുന്ദറിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മൂത്ത മകൾ അവന്തിക സുന്ദറും ശ്രാവൺ ശ്രീനിവാസുമായുള്ള വിവാഹം നടന്നത്. ദക്ഷിണേന്ത്യൻ ചലച്ചിത്ര ലോകത്തെ വൻതാരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിൽ എത്തിയത്. തെലുങ്ക് സൂപ്പർ താരങ്ങളായ ചിരഞ്ജീവി, നാഗാർജുന അക്കിനേനി, വെങ്കിടേഷ് എന്നിവരും അമല അക്കിനേനി, തൃഷ കൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ സജീവ സാന്നിധ്യമായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ ചെന്നൈയിലെ വസതിയിലെത്തി നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം വിവാഹ ചടങ്ങിൽ പങ്കെടുത്തില്ല. പ്രമുഖ താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു ഖുശ്ബുവിനും സുന്ദർ സിക്കും അവന്തികയെ കൂടാതെ അനന്ദിത എന്നൊരു മകൾ കൂടി ഉണ്ട്.

ബോളിവുഡിൽ നിന്നും ജാക്കി ഷ്രോഫ്, അനിൽ കപൂർ എന്നിവരും വിവാഹത്തിൽ പങ്കെടുത്ത് അതിഥികളുമായി സംവദിച്ചു. പരമ്പരാഗത ദക്ഷിണേന്ത്യൻ വേഷമായ മുണ്ടും വേഷ്ടിയും ധരിച്ചാണ് താരങ്ങൾ ചടങ്ങിൽ എത്തിയത് എന്നത് ശ്രദ്ധേയമായി. വിവാഹത്തിന് മുന്നോടിയായി ഖുശ്ബുവും സുന്ദർ സിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് ക്ഷണം നൽകിയിരുന്നു. ദില്ലിയിൽ വെച്ച് നടന്ന ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഖുശ്ബു സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Content Highlights: Khushboo Sundar's daughter Avantika married Shravan Srinivas on June 25, 2026., The wedding was an intimate ceremony held at a luxury resort in Goa