നിറത്തിന്റെ പേരിൽ ഫിൽട്ടർ ഇടാതെ ഫോട്ടോയെടുക്കാൻ മടിച്ചു; ഇന്ന് മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026

കസിയ ലിസ് മേജോ |photo:instagram.com/pageants_universe/
കസിയ ലിസ് മേജോ |photo:instagram.com/pageants_universe/

ജയ്പുരിൽ അരങ്ങേറിയ 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' സൗന്ദര്യമത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 52 സുന്ദരിമാരെ പിന്നിലാക്കി കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അപൂർവ ഭാഗ്യം ഈ ആലപ്പുഴക്കാരി സ്വന്തമാക്കി. നിയമവിദ്യാർത്ഥിനിയും മോഡലുമായ കസിയ, വളരെ ചെറിയ പ്രായത്തിൽ തന്നെ ഫാഷൻ-സൗന്ദര്യ രംഗത്ത് തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്. 2025-ൽ നടന്ന 'മിസ് ടീൻ ഇന്റർനാഷണൽ' മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായി കെസിയ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ നേരത്തെ നേടിയ പരിചയസമ്പത്തും, ആത്മവിശ്വാസവുമാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ വേദിയിലേയ്ക്ക് കസിയയെ എത്തിച്ചത്.

തമിഴ്നാട് സ്വദേശി വൈഷ്ണവി ഗണേഷ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായും 'മിസ് ഇന്റർനാഷണൽ ഇന്ത്യ 2026' എന്ന പദവിയും സ്വന്തമാക്കി. ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതാവ്‌ലേക്കർ സെക്കൻഡ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തം രൂപത്തിലും നിറത്തിലും ഒരുകാലത്ത് താൻ ആത്മവിശ്വാസമില്ലാത്ത വ്യക്തിയായിരുന്നുവെന്നും ഫിൽട്ടർ ഇല്ലാത്ത ഫോട്ടോ പോലും കൈയ്യിലുണ്ടായിരുന്നില്ലെന്നും കസിയ ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്. ഞാൻ എങ്ങനെയാണ്, എന്റെ വ്യക്തിത്വമെങ്ങനെയാണ് തുടങ്ങി മിക്കവാറും എല്ലാ കാര്യത്തിലും എനിക്ക് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു. എന്റെ ആശയവിനിമയ കഴിവുകൾ, വ്യക്തിത്വം, രൂപം എന്നിവയിൽ ഞാൻ മനഃപൂർവ്വം ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതം മാറിയത്. ഭൂമിയിലെ ഏറ്റവും ആത്മവിശ്വാസമുള്ള വ്യക്തി ഞാനാണെന്ന് എന്നെ വിശ്വസിപ്പിച്ച് ഞാൻ വേദികളിലേക്ക് നടന്നു. ആളുകൾ അത് വിശ്വസിച്ചു - ഒടുവിൽ, ഞാനും അത് വിശ്വസിച്ചുവെന്നാണ് കസിയ അന്ന് പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരരംഗം അങ്ങേയറ്റം കടുപ്പമേറിയതായിരുന്നു. സംഘാടകരായ ഗ്ലാമാനന്ദ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, ഏകദേശം എണ്ണായിരത്തിലധികം അപേക്ഷകരിൽ നിന്നാണ് ഫൈനലിലെത്തിയ 52 മത്സരാർത്ഥികളെ തെരഞ്ഞെടുത്തത്. മാസങ്ങൾ നീണ്ട പരിശീലന സെഷനുകൾക്കും ഓഡിഷനുകൾക്കും ഒടുവിലാണ് ജയ്പുരിലെ സീ സ്റ്റുഡിയോസിൽ വെച്ചാണ് ഫൈനൽ നടന്നത്. അന്തിമപോരാട്ടത്തിന് മുന്നോടിയായി സാഷിംഗ് ചടങ്ങ് , വ്യക്തിത്വം അളക്കുന്ന സ്പീച്ച് റൗണ്ടുകൾ, സ്വിംസ്യൂട്ട് കോമ്പറ്റീഷൻ, ഗാലാ ഈവന്റ് തുടങ്ങി വൈവിധ്യമാർന്ന ഘട്ടങ്ങളിലൂടെയാണ് വിധികർത്താക്കൾ വിജയിയെ തീരുമാനിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

1994-ൽ ഇന്ത്യയ്ക്ക് ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിത്തന്ന സുസ്മിത സെൻ ആണ് ജൂറിക്ക് നേതൃത്വം നൽകിയത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2001 വിജയി സെലീന ജെയ്റ്റ്‌ലി , മിസ് യൂണിവേഴ്‌സ് ഇന്ത്യ 2015 ഉർവശി റൗട്ടേല എന്നിവരും സമിതിയിൽ അംഗങ്ങളായി. കൂടാതെ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 വിജയി റിയ സിംഗ, ചലച്ചിത്ര നിർമ്മാതാവ് പ്രഗ്യാ കപുർ, സംരംഭക വിഷ ലാധിയ, മിസ് ചാം 2025 ആനി ബ്ലാൻകോ , പ്രമുഖ ഡെർമറ്റോളജിസ്റ്റ് ഡോ. സ്തുതി ഖാരെ ശുക്ല തുടങ്ങിയവരും ഫൈനൽ മത്സരത്തിനെത്തി. ദേശീയ കിരീടം ശിരസ്സിലണിഞ്ഞതോടെ കസിയയുടെ അടുത്ത ലക്ഷ്യം 75-ാമത് മിസ് യൂണിവേഴ്‌സ് വേദിയിൽ ഇന്ത്യയുടെ പതാക ഉയർത്തുക എന്നതാണ്. വരും മാസങ്ങളിൽ കൂടുതൽ തീവ്രമായ പരിശീലനത്തിലും ഗ്രൂമിംഗ് സെഷനുകളിലും കസിയ പങ്കെടുക്കും.

Content Highlights: Kesia Liz Majo from Kerala won the Miss Universe India 2026 title., She will represent India at the 75th Miss Universe pageant in Puerto Rico., The grand finale took place in Jaipur, featuring 52 finalists selected from 8,000+ applicants., Sushmita Sen headed the jury panel for the 2026 pageant.