'ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യരും പ്രകൃതിഭംഗിയും കേരളത്തിൽ'; ജർമൻ വ്‌ളോഗറുടെ പോസ്റ്റ് വൈറൽ

#Lifestyle Desk
ക്രിസ്റ്റ്യൻ ബെറ്റ്സ്മാൻ പങ്കുവെച്ച, കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photos: instagram.com/chrisbetzmann
ക്രിസ്റ്റ്യൻ ബെറ്റ്സ്മാൻ പങ്കുവെച്ച, കേരളത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photos: instagram.com/chrisbetzmann

വ്യത്യസ്തമായ കാര്യങ്ങളിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യയിലെ സ്ഥലങ്ങളെ 'റാങ്ക്' ചെയ്ത് വിദേശ വ്‌ളോഗർ. ജർമനിയിൽ നിന്നുള്ള ക്രിസ്റ്റിയൻ ബെറ്റ്‌സ്മാനാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ സംസ്ഥാനങ്ങൾ ഏതേത് കാര്യങ്ങളിലാണ് മികച്ചതെന്ന് പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും മികച്ച മനുഷ്യരുള്ളത് കേരളത്തിലാണെന്നാണ് ബെറ്റ്‌സ്മാൻ പറഞ്ഞത്. മികച്ച പ്രകൃതിഭംഗിയും കേരളത്തിലാണെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ക്രിസ്റ്റിയൻ ബെറ്റ്‌സ്മാൻ പോസ്റ്റിൽ ഉൾപ്പെടുത്തിയത്. ഓരോ സംസ്ഥാനത്തേയും തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം റാങ്ക് ചെയ്തത്. താൻ ഇന്ത്യയിലെ 20-ലേറെ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്ന് ബെറ്റ്‌സ്മാൻ പറയുന്നു. ഈ യാത്രയ്ക്ക് ശേഷമുള്ള തന്റെ സത്യസന്ധമായ അഭിപ്രായമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ മതപരമായ കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് പഞ്ചാബാണെന്ന് ബെറ്റ്‌സ്മാൻ പറയുന്നു. മികച്ച സാഹസികതകൾ പ്രദാനം ചെയ്യുന്നത് മേഘാലയയിലാണ്. ഏറ്റവും മികച്ച സമൂഹം ഗോവയിലാണുള്ളത്. അതേസമയം ഏറ്റവും മലിനീകരിക്കപ്പെട്ട സ്ഥലം ഡൽഹിയാണെന്നും ബെറ്റ്‌സ്മാൻ അഭിപ്രായപ്പെട്ടു.

മികച്ച ഗോത്രസമൂഹങ്ങളുള്ളത് നാഗാലാൻഡിൽ, മികച്ച വാസ്തുവിദ്യ രാജസ്ഥാൻ, മികച്ച ആതിഥേയത്വം പഞ്ചാബ്, മികച്ച പർവതങ്ങൾ ഹിമാചൽ പ്രദേശിൽ, മികച്ച സർഫിങ് കർണാടക, തെളിഞ്ഞ ആകാശമുള്ളത് ഹിമാചൽ പ്രദേശിൽ, മികച്ച കോട്ടകൾ ജയ്പുരിൽ, ഏറ്റവും അതിശയിപ്പിച്ചത് താജ് മഹൽ, ഭ്രാന്തമായ അനുഭവം ഹോളി, മികച്ച വെള്ളച്ചാട്ടം ഗോവ എന്നിങ്ങനെ പോകുന്നു ക്രിസ്റ്റിയൻ ബെറ്റ്‌സ്മാന്റെ റാങ്കിങ്. കൂടാതെ ഏറ്റവും അണ്ടർറേറ്റഡായ സംസ്ഥാനം ആസാമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെറ്റ്‌സ്മാന്റെ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും ശരിയാണെന്ന് പലരും കമന്റുകളിൽ അഭിപ്രായപ്പെട്ടു. 'ഇദ്ദേഹത്തിന് ഇന്ത്യക്കാരേക്കാൾ ഇന്ത്യയെ കൂടുതലായി അറിയാം. ഇദ്ദേഹം ആധാർ കാർഡ് അർഹിക്കുന്നു' എന്നാണ് ഒരാൾ കുറിച്ചത്. ഡൽഹിയേക്കാൾ മലിനീകരിക്കപ്പെട്ട നഗരങ്ങളുണ്ടെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഇന്ത്യയിൽ വൈവിധ്യമായ ഒട്ടേറെ സ്ഥലങ്ങൾ ഇനിയുമുണ്ടെന്നാണ് ഇനിയൊരാൾ പറഞ്ഞത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ ലളിതവത്കരിച്ചുവെന്നാണ് മറ്റുചിലർ പറഞ്ഞത്.

Content Highlights: German vlogger Christian Betzmann went viral after ranking Indian states based on his travel experiences across 20 regions. He crowned Kerala as having the best people and natural beauty, while highlighting Meghalaya for adventure and Punjab for hospitality.