പച്ച കുത്തുന്നതിന് ഒരേ സൂചി ഉപയോഗിക്കുന്നുണ്ടോ?; സൂക്ഷിച്ചുകുത്തിയില്ലെങ്കില്‍ ചുവപ്പ് കാര്‍ഡ്

#കെ.എ ബാബു
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

പച്ചകുത്തുന്ന ജോലിചെയ്യുന്നവര്‍ ജാഗ്രതൈ. പിടിക്കാന്‍ പഞ്ചായത്ത് അധികൃതരും നഗരസഭക്കാരും രംഗത്തിറങ്ങിയിട്ടുണ്ട്. പച്ചകുത്തുന്നവരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പച്ചകുത്തുന്നതിന് ഒരേ സൂചിയും ഒരേ മഷിയും ഉപയോഗിക്കുന്നത് മാരകരോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.

ടാറ്റൂ അടിക്കുന്നതില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം 2021-ല്‍ ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാല്‍, അതിലെ നടപടികള്‍ പലപ്പോഴും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍.

പൊതുസ്ഥലങ്ങള്‍, ഉത്സവപ്പറമ്പുകള്‍, തെരുവോരങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പച്ചകുത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ്. പച്ചകുത്തുമ്പോള്‍ ചായങ്ങള്‍ കുത്തിവെക്കുന്നതുമൂലം ചിലര്‍ക്ക് അലര്‍ജി, കുത്തുന്ന ഭാഗത്ത് നീര്‍ക്കെട്ട്, ത്വക്കിനെ ബാധിക്കുന്ന ക്ഷയരോഗം, കാന്‍സര്‍ തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ട്.

ഇതിനുപുറമേ അണുവിമുക്തമാക്കാത്ത സൂചി, സിറിഞ്ച് എന്നിവ ഉപയോഗിക്കുന്നതുമൂലം മാരക പകര്‍ച്ചവ്യാധികളായ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് വി, ടെറ്റനസ്, എയ്ഡ്‌സ് എന്നിവ പിടിപെടാനും സാധ്യതയുണ്ട്. ഇതിനാല്‍, കര്‍ശന നിയന്ത്രണം വേണമെന്നും ലൈസന്‍സിന് പ്രത്യേക നിബന്ധന വേണമെന്നുമാണ് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചത്.

നിബന്ധന ഇങ്ങനെ

1. പച്ചകുത്തുന്നതിന് ലൈസന്‍സുള്ളവര്‍ക്കുമാത്രം അംഗീകാരം.
2. ഉപയോഗിക്കുന്ന മഷി ഡ്രഗ് കണ്‍ട്രോളര്‍ അംഗീകരിച്ചതാവണം
3. സ്ഥലം വൃത്തിയുള്ളതായിരിക്കണം, പച്ചകുത്തുന്ന വ്യക്തി ഗ്ലൗസ് ധരിക്കണം, പച്ചകുത്തിയശേഷം അത് ഊരിമാറ്റണം.
4. സൂചികള്‍ ഉടന്‍ നശിപ്പിക്കാവുന്നവയാണെന്നും സീല്‍ചെയ്ത പാക്കറ്റുകളിലെത്തുന്നതാണെന്നും ഉറപ്പാക്കണം.
5. തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയെന്ന് ഉറപ്പാക്കണം.
6. പച്ചകുത്തല്‍ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനെടുത്തിരിക്കണം.
7. പച്ചകുത്തുന്നതിനുമുമ്പും ശേഷവും ആ ഭാഗം സോപ്പും വെള്ളവുമുപയോഗിച്ച് കഴുകണം.

ലൈസന്‍സ് കിട്ടാന്‍

തദ്ദേശസ്വയംഭരണസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. സെക്രട്ടറി, ഹെല്‍ത്ത് ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫുഡ് ഇന്‍സ്‌പെക്ടര്‍, ജില്ലാ ഡ്രഗ് അനലിസ്റ്റ്, മലിനീകരണനിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി പരിശോധിക്കും.

Content Highlights: kerala government has imposed strict restrictions on tattooing