മുല്ലപ്പൂ ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ഫ്രിഡ്ജില്ലെങ്കിലും വഴിയുണ്ട്

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ആഘോഷ ദിവസങ്ങൾ ഫ്രഡ്ജിൽ അൽപം ഇടം ആവശ്യപ്പെടുന്ന താരമാണ് മുല്ലപ്പൂ. കല്യാണങ്ങൾക്ക് മറ്റ് സന്തോഷ ദിവസങ്ങൾക്കും പലരും തേലേന്നു തന്നെ മുല്ലപ്പൂ വാങ്ങി വെക്കാറുണ്ട്. എന്നാൽ വാടാതെ ഫ്രഷ് ആയി മുല്ലപ്പൂ സൂക്ഷിക്കാനാകും. 

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ (മൂന്ന് മുതൽ അഞ്ച് ദിവസം വരെ)

  • പൂക്കളിൽ വെള്ളം ഇല്ലെന്ന് ഉറപ്പുവരുത്തുക. ഈർപ്പം ഉണ്ടെങ്കിൽ ഒരു പേപ്പർ ടവൽ ഉപയോഗിച്ച് മൃദുവായി ഒപ്പിയെടുക്കുക.
  • മുല്ലപ്പൂക്കൾ ഒരു നനഞ്ഞ കോട്ടൺ തുണിയിലോ വാഴയിലയിലോ ടിഷ്യുവിലോ പൊതിയുക. ഇത് പൂക്കളുടെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
  •  പൊതിഞ്ഞ പൂക്കൾ ഒരു അടപ്പുള്ള പാത്രത്തിലോ (airtight container) പ്ലാസ്റ്റിക് കവറിലോ വെക്കാം.
  • ഈ പാത്രം ഫ്രിഡ്ജിലെ വെജിറ്റബിൾ ബോക്സിൻ്റെ ഭാഗത്ത് സൂക്ഷിക്കാം. ഇത് പൂക്കൾ വാടിപ്പോകാതിരിക്കാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • പഴങ്ങളിൽ നിന്ന് അകലെ വെക്കാം: ആപ്പിൾ, പഴം തുടങ്ങിയ ചില പഴങ്ങൾ പുറത്തുവിടുന്ന എത്തിലീൻ ഗ്യാസ് പൂക്കൾ പെട്ടെന്ന് വാടാൻ കാരണമാകും. അതിനാൽ പഴങ്ങളിൽ നിന്ന് മാറ്റി വെക്കാം.

  • ഫ്രീസറിൽ വെക്കരുത്: പൂക്കൾ ഫ്രീസറിൽ വെച്ചാൽ കട്ടപിടിച്ച് കേടുവരാൻ സാധ്യതയുണ്ട്.

  • തുണിയുടെ നനവ് പരിശോധിക്കാം: തുണി ഉണങ്ങിപ്പോയാൽ അല്പം വെള്ളം തളിച്ച് നനവ് നിലനിർത്തുക.

ഫ്രിഡ്ജ് ഇല്ലാത്തവർക്കും മുല്ലപ്പൂക്കൾ ഒന്നോ രണ്ടോ ദിവസം പുതുമയോടെ സൂക്ഷിക്കാം.

  • പരന്ന പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക.
  • ഒരു വാഴയില ഈ വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കുന്ന രീതിയിൽ വെക്കാം.
  • മുല്ലപ്പൂക്കൾ വാഴയിലയുടെ മുകളിൽ നിരത്തി വെക്കുക.
  • പൂക്കൾക്ക് മുകളിൽ ഒരു നനഞ്ഞ തുണിയിട്ട് മൂടുക.
  • സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത ഒരു തണുപ്പുള്ള സ്ഥലത്ത് പാത്രം വെക്കുക.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ഫ്രിഡ്ജിൽ സൂക്ഷിക്കാനായി എപ്പോഴും പുതിയ പൂക്കൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. 
  • മുല്ലപ്പൂക്കൾ മൊട്ടായിരിക്കുമ്പോൾ തന്നെ സൂക്ഷിക്കുകയാണെങ്കിൽ അവ ഉപയോഗിക്കാൻ എടുക്കുമ്പോൾ വിരിഞ്ഞ് മികച്ച സുഗന്ധം നൽകും.

Content Highlights: Learn how to store jasmine flowers and keep them fresh for up to 5 days