'അമ്മയുടെ ഇഷ്ടങ്ങളെ മറികടന്നിട്ടും എന്നെ ചേര്‍ത്തുപിടിച്ചു'-യാത്രാ കുറിപ്പ് പങ്കുവെച്ച് കനി കുസൃതി

അമ്മ ജയശ്രീയോടൊപ്പം റോമിലേക്ക് യാത്ര പോയതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടി കനി കുസൃതി. രണ്ടു പേരും യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവരാണെന്നും എന്നിട്ടും ഒരുമിച്ച് യാത്ര പോകാന്‍ തീരുമാനിച്ചുവെന്നും പോസ്റ്റില്‍ കനി പറയുന്നു. അമ്മയുടെ ഇഷ്ടങ്ങളെ താന്‍ മറികടന്നിട്ടും അമ്മ തന്നെ ചേര്‍ത്തുപിടിച്ചുവെന്നും അത് യാത്രയെ കൂടുതല്‍ മനോഹരമാക്കിയെന്നും കനി കുറിച്ചു.
'ഞങ്ങള്‍ രണ്ട് പേര്‍ക്കും യാത്ര അത്ര ഇഷ്ടമല്ല. എന്നിട്ടും ഞങ്ങളൊരു യാത്ര പോയി. പരസ്പരം ഒരുപാട് വ്യത്യസ്തരായ, പ്രായപൂര്‍ത്തിയായ രണ്ട് സ്ത്രീകള്‍. യാത്രയില്‍ അമ്മയുടെ ഇഷ്ടങ്ങളെ ഞാന്‍ മറികടക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്നിട്ടും തുറന്ന മനസ്സോടെ അമ്മ എന്നെ ചേര്‍ത്തുപിടിച്ചു. അമ്മയ്ക്ക് മ്യൂസിയങ്ങളോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും എല്ലാ കാര്യത്തിനും എന്റെ കൂടെ വന്നു. റോമിലൂടെ ഒരുപാട് ദൂരം നടന്നു. ആ ചരിത്ര സ്മാരകങ്ങള്‍ കണ്ടപ്പോള്‍ എവിടെയോ തനിക്ക് ഈ സ്ഥലവുമായി ഒരു ബന്ധം തോന്നുന്നുവെന്ന് അമ്മ പറഞ്ഞു.
ഒരു ദിവസം ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി. അമ്മ അവിടെ നിന്ന് പുതുതായി പരിചയപ്പെട്ട കൂട്ടുകാരുടെ കൂടെയും. അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ പറഞ്ഞ തമാശകളെ പറ്റി അവര്‍ എന്നോട് പറഞ്ഞു. ആ നിമിഷമാണ് ഈ യാത്രയില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മയെന്ന് ഞാന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു. അമ്മയുടേതായ ലോകത്ത് അവര്‍ സമയം ചെലവഴിക്കുന്നതും ഫോട്ടോകള്‍ എടുക്കുന്നതും ഞാന്‍ നോക്കിനിന്നു. എല്ലാ രാത്രികളിലും ഞങ്ങള്‍ നടക്കാന്‍ പോകും. ഒരു ഐസ്ത്രീം കഴിച്ച് അന്നത്തെ ദിവസം അവസാനിപ്പിക്കും.
ഞങ്ങള്‍ എത്രത്തോളം വ്യത്യസ്തരായ മനുഷ്യരാണെന്ന് ഞാന്‍ വീണ്ടും യാത്രയുടെ അവസാനം ഓര്‍ത്തു. എന്നിട്ടും ആ വ്യത്യാസങ്ങളെ ഞാന്‍ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും...'-കനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒരാഴ്ച്ച മുമ്പ് പങ്കുവെച്ച ഈ കുറിപ്പിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരമായ യാത്രാ കുറിപ്പാണെന്നും ഇത് വായിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ചിലര്‍ കുറിച്ചു.
Content Highlights: kani kusruti shares rome travel memories with mother