ബിക്കിനിയിട്ടാണോ സഹോദരന് രാഖി കെട്ടുന്നത്?': കൃതി സനന്റെ വസ്ത്രത്തിനെതിരേ രൂക്ഷവിമർശനവുമായി കങ്കണ

കൃതി സനന്‍, കങ്കണ റണൗട്ട്|PHOTO:instagram.com/kritisanon/,instagramcom/kanganaranaut/
കൃതി സനന്‍, കങ്കണ റണൗട്ട്|PHOTO:instagram.com/kritisanon/,instagramcom/kanganaranaut/

ബോളിവുഡിൽ വീണ്ടുമൊരു വസ്ത്രധാരണ വിവാദം പുകയുകയാണ്. ഇത്തവണ നടി കൃതി സനൻ അഭിനയിച്ച പുതിയ പരസ്യചിത്രവും അതിനു പിന്നാലെ ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗട്ട് നടത്തിയ തുറന്നടിച്ച വിമർശനവുമാണ് സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ചാവിഷയം. രക്ഷാബന്ധൻ ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ജ്വല്ലറി പരസ്യത്തിൽ കൃതി സനൻ ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് ഇന്റർനെറ്റിൽ വലിയ വിമർശനങ്ങൾ ഉയർന്നത്. ഇതിനു പിന്നാലെയാണ് കൃതിയുടെ വസ്ത്രധാരണത്തെയും പരസ്യത്തിന്റെ രീതിയെയും പരിഹസിച്ച് കങ്കണ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ രംഗത്തെത്തിയത്.

പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യപ്രചാരണത്തിന്റെ ഭാഗമായാണ് കൃതി സനൻ ഈ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കൃതി സനൻ ബ്രാൻഡ് അംബാസഡറും നിക്ഷേപകയുമായ ഈ ബ്രാൻഡിന്റെ പരസ്യത്തിൽ, പരമ്പരാഗത രക്ഷാബന്ധൻ അന്തരീക്ഷത്തിന് പകരം മോഡേൺ രീതിയിലുള്ള വസ്ത്രധാരണമാണ് സ്വീകരിച്ചിരുന്നത്. ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗ്ഗും ഡ്രേപ്പ് ചെയ്ത സ്‌കേർട്ടുമായിരുന്നു കൃതിയുടെ വേഷം.

രക്ഷാബന്ധൻ പോലുള്ള വൈകാരികവും പരമ്പരാഗതവുമായ ഒരു ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു ഗ്ലാമറസ് വസ്ത്രധാരണം ചേരുന്നതല്ലെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം. സഹോദരീസഹോദരന്മാരുടെ പരിശുദ്ധമായ ബന്ധത്തെ ആദരിക്കുന്ന ഒരു ദിനത്തിൽ ഇത്തരം വസ്ത്രധാരണം അനുചിതമാണെന്നും വിപണനത്തിന് വേണ്ടി ആചാരങ്ങളെ നിസാരവത്കരിക്കുകയാണെന്നും ആരോപിച്ച് നിരവധി പേർ രംഗത്തെത്തി.

'നിങ്ങളുടെ സ്‌റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി?

വിവാദം കത്തുന്നതിനിടെയാണ് കങ്കണ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കൃതിയുടെ പരസ്യത്തിനെതിരെ ആഞ്ഞടിച്ചത്. കൃതിയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും പരസ്യത്തെയും വസ്ത്രത്തെയും കൃത്യമായി ചൂണ്ടിക്കാണിച്ചായിരുന്നു കങ്കണയുടെ കുറിപ്പ്.

'സ്ത്രീയായിരിക്കാൻ ഏറ്റവും മികച്ച ഒരു കാലമാണിത്. നമ്മുടെ വാർഡ്രോബുകളിൽ വൈവിധ്യമാർന്ന വസ്ത്രങ്ങളുണ്ട്. ഇന്നത്തെ സ്ത്രീ ഒരു ആഗോള സ്ത്രീയാണ്. കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹംഗ ചോളി, ജീൻസ്, സാരി, ബിക്കിനി, സൽവാർ കമ്മീസ് എന്നിങ്ങനെ എത്രയോ ഓപ്ഷനുകൾ ഇന്നു നമുക്ക് മുന്നിലുണ്ട്. അങ്ങനെയിരിക്കെ, ലഭ്യമായ എല്ലാ ഓപ്ഷനുകളും നിലനിൽക്കെ തന്റെ സഹോദരന് ബിക്കിനിയിലോ അടിവസ്ത്രത്തിലോ നിന്നുകൊണ്ടാണോ ഒരാൾ രാഖി കെട്ടുന്നത്? നിങ്ങളുടെ സ്‌റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി? ഹഹ, ഈ പരസ്യം അറപ്പ് ഉളവാക്കുന്ന ഒന്നായി തോന്നുന്നുവെന്നാണ് കങ്കണ കുറിച്ചത്.

വസ്ത്രധാരണത്തിൽ അതിരുകൾ വേണമെന്ന് ഉപദേശിച്ച കങ്കണ, പരസ്യത്തിന്റെ ആശയം തികച്ചും അനുചിതമാണെന്ന് തുറന്നടിക്കുകയും ചെയ്തു. കങ്കണയുടെ പ്രതികരണത്തിന് മുൻപ് തന്നെ എക്‌സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ പരസ്യത്തിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയർന്നിരുന്നു. പൂജാതളികയോ തിലകമോ ഇല്ലാതെ, സഹോദരന്റെ മുന്നിൽ ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത് ഹൈന്ദവ ആചാരങ്ങളെ നിന്ദിക്കുന്നതിന് തുല്യമാണെന്ന് ചിലർ ആരോപിച്ചു.

എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ 'കോക്ടെയ്ൽ 2' എന്ന ചിത്രത്തിന് ശേഷമാണ് കൃതിയുടെ ഈ പരസ്യം ശ്രദ്ധ നേടുന്നത്. എന്നാൽ തനിക്കെതിരെയും ജ്വല്ലറി പരസ്യത്തിനെതിരെയും ഉയർന്ന വലിയ പ്രതിഷേധങ്ങളോടും കങ്കണയുടെ രൂക്ഷ വിമർശനങ്ങളോടും കൃതി സനനോ പരസ്യ ഏജൻസിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: Kriti Sanon appeared in a modern jewellery brand advertisement for Raksha Bandhan wearing a bralette-style blouse and skirt., Kangana Ranaut criticized the outfit via Instagram, questioning the styling choices for a traditional festival., Social media users also lashed out at the ad for allegedly disrespecting traditional Hindu customs., Neither Kriti Sanon nor the advertising agency has responded to the backlash yet