പ്രണയത്തകർച്ചയെ തുടർന്ന് മാസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടു, ജോലിയെ പോലും ബാധിച്ചു -കൽക്കി കൊച്‌ലിൻ

പ്രണയത്തകർച്ച തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കൽക്കി കൊച്‌ലിൻ. ബ്രേക്കപ്പിനെ തുടർന്ന് മാസങ്ങളോളം തനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നുവെന്നും തന്റെ ജോലിയെ പോലും അത് പ്രതികൂലമായി ബാധിച്ചിരുന്നുവെന്നും താരം പറഞ്ഞു. സോഹ അലി ഖാന്റെ ഓൾ എബൗട്ട് ഹെർ എന്ന പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു കൽക്കി.
'പ്രണയനൈരാശ്യത്തെ തുടർന്ന് മാസങ്ങളോളം തുടർച്ചയായി ഞാൻ ഇൻസോംനിയ അനുഭവിച്ചിരുന്നു. എത്രത്തോളം മാനസികമായ പ്രശ്‌നമാണ് അതെന്ന് ഞാൻ മനസിലാക്കി. എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഞാൻ ഉണരുമായിരുന്നു. എന്നിട്ട് ഗിറ്റാർ വായിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യും. കാരണം ഉറക്കത്തിലേക്ക് തിരികെ പോകാൻ എനിക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല.' -കൽക്കി കൊച്‌ലിൻ പറഞ്ഞു.
അതേസമയം ആരോടൊപ്പമുള്ള ബ്രേക്കപ്പാണ് തനിക്ക് ഇൻസോംനിയ സമ്മാനിച്ചത് എന്ന് കൽക്കി വ്യക്തമാക്കിയില്ല. എന്നാൽ ആ വേർപിരിയൽ തന്റെ ദൈനംദിന ജീവിതത്തിൽ വൈകാരികമായി വലിയ സ്വാധീനമുണ്ടാക്കിയെന്ന് താരം വ്യക്തമാക്കി. തന്റെ പ്രൊഫഷണൽ ജീവിതത്തെ പോലും ഇത് ബാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
'ആ ദിവസങ്ങളിൽ എനിക്ക് ജോലി ചെയ്യേണ്ടതായി വന്നു. സ്വപ്‌നം കാണുകയാണോ ഉണർന്നിരിക്കുകയാണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. എനിക്ക് ആശയക്കുഴപ്പമായിരുന്നു, ഇത് യാഥാർഥ്യമാണോ അതോ ഞാൻ ഇപ്പോഴും ഉറങ്ങുകയാണോ എന്ന്. ഇതേ അവസ്ഥ നാല് മാസത്തോളം തുടർന്നു.' -കൽക്കി പറഞ്ഞു.
Content Highlights: Actress Kalki Koechlin recently shared the deeply personal impact of a past breakup during an appearance on Soha Ali Khan's podcast, All About Her. She revealed that the emotional distress led to severe insomnia for four months, causing her to wake up at 2 AM or 3 AM and struggle to function professionally.