‘ഈ വസ്ത്രത്തിനുവേണ്ടി നിങ്ങള്‍ ശരീരഭാരം കുറയ്ക്കണമെന്ന് മനീഷ് ഒരിക്കല്‍പോലും എന്നോട് പറഞ്ഞിട്ടില്ല’- കജോള്‍

വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനൊപ്പം തന്റെ മോഡലുകളെ ഏറ്റവുമധികം കംഫര്‍ട്ടബ്‌ളാക്കുന്ന ഫാഷന്‍ ഡിസൈനറാണ് മനീഷ് മല്‍ഹോത്രയെന്ന് നടി കജോള്‍. മോഡലുകളുടേയോ നടിമാരുടേയോ ശരീരഭാരം കൂടിയാലും ഒരിക്കലും അവര്‍ക്ക് മോശമായി തോന്നാതിരിക്കാന്‍ മനീഷ് ശ്രദ്ധിക്കുമെന്നും കജോള്‍ കൂട്ടിച്ചേര്‍ത്തു. കജോളും ട്വിങ്കിള്‍ ഖന്നയും അവതാരകരായെത്തുന്ന 'ടൂ മച്ച്' എന്ന ഷോയിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഈ ഷോയില്‍ ഇത്തവണത്തെ അതിഥി മനീഷ് മല്‍ഹോത്രയും നടി സൊനാക്ഷി സിന്‍ഹയുമായിരുന്നു.
'ശരീരഭാരത്തിന്റെ പേരില്‍ ഒരിക്കലും മനീഷ് മല്‍ഹോത്രയില്‍നിന്ന് പരിഹാസം നേരിടേണ്ടി വന്നിട്ടില്ല. ഈ വസ്ത്രത്തിനുവേണ്ടി നിങ്ങള്‍ ശരീരഭാരം കുറയ്ക്കണമെന്ന് മനീഷ് ഒരിക്കല്‍പോലും എന്നോട് പറഞ്ഞിട്ടില്ല. സത്യത്തില്‍ ഞാന്‍ അദ്ദേഹത്തിന് അരികില്‍ ചെന്ന് 'എനിക്ക് ശരീരഭാരം കൂടി, ഞാന്‍ വളരെ തടിച്ചതായി തോന്നുന്നു' എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് 'നീ ഇപ്പോള്‍ കാണാന്‍ നല്ല ഭംഗിയിട്ടുണ്ട്. വിഷമിക്കേണ്ട, നിനക്ക് ഒരു കുഴപ്പവുമില്ല' എന്നാണ്.
സിനിമയോടുള്ള ഇഷ്ടത്തില്‍ നിന്നാണ് മനീഷിന്റെ ഫാഷന്‍ ലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്. 'എനിക്ക് കുട്ടിക്കാലം മുതല്‍ സിനിമയോട് താത്പര്യമുണ്ടായിരുന്നു. ആറാം വയസ്സില്‍ എല്ലാ പാട്ടുകള്‍ക്കും നൃത്തം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. സിനിമയില്‍ കാണിക്കുന്ന വസ്ത്രങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഒരു കാര്യത്തില്‍ ഞാന്‍ എന്റെ അമ്മയെ അഭിനന്ദിക്കണം. സിനിമയോടുള്ള എന്റെ ഇഷ്ടത്തെ അവര്‍ പ്രോത്സാഹിപ്പിച്ചു.
സിനിമകളുടെ കാഴ്ചപ്പാട് മാറ്റണമെന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം 80-കളുടെ അവസാനത്തില്‍ സിനിമകള്‍ക്ക് ഭംഗി നഷ്ടപ്പെട്ടിരുന്നു. 70-കളിലെ എല്ലാ താരങ്ങളും വളരെ സ്‌റ്റൈലിഷ് ആയിരുന്നു. രാജേഷ് ഖന്നയുടെ കുര്‍ത്തകള്‍ മുതല്‍ അമിത് ജിയുടെ കോളറുകള്‍ വരെ, സീനത്ത് അമന്റെ വസ്ത്രങ്ങളും മികച്ചതായിരുന്നു. എന്നാല്‍ 80-കളുടെ അവസാനത്തില്‍ അത് നഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ സിനിമകള്‍ക്ക് വേണ്ടി മാത്രമേ ഡിസൈന്‍ ചെയ്യൂ എന്നും എപ്പോഴും ഒരു കോസ്റ്റ്യൂം ഡിസൈനറായി തുടരുമെന്നും ഞാന്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് സിനിമകള്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചത്'-മനീഷ് മല്‍ഹോത്ര വ്യക്തമാക്കി.
Content Highlights: kajol credits manish malhotra for not weight shaming his actresses