ജസ്റ്റിന്‍ ട്രൂഡോയുമൊത്ത് കോക്ക്‌ടെയില്‍ ആസ്വദിച്ച് കാറ്റി പെറി; ഡേറ്റിങിലെന്ന് സംശയം

കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും.| Photo credit: AP
കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും.| Photo credit: AP

ഈ വര്‍ഷം തുടക്കത്തില്‍ കാനഡയുടെ പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെച്ച നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ. കാനഡയിലെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായ ട്രൂഡോ അമേരിക്കന്‍ പോപ്പ് ഗായികയായ കാറ്റി പെറിയുമായി ഡേറ്റിങിലാണെന്ന സംശയം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. മോണ്‍ട്രിയാലിലെ 'ലെ വ്യോലോ' റെസ്‌റ്റോറന്റില്‍ രണ്ട് പേരും ഒരുമിച്ച് അത്താഴം കഴിക്കുന്നത് കണ്ടതാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് .

കോക്ക്‌ടെയിലും സമുദ്ര വിഭവങ്ങളും കഴിച്ച് വൈകുന്നേരം ആസ്വദിക്കുന്ന ട്രൂഡോയുടെയും പെറിയുടേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമമായ എക്‌സില്‍ വൈറലായിരിക്കുകയാണ്. പൂര്‍ണമായും സംഭാഷണത്തില്‍ മുഴുകിയിരിക്കുന്ന കാറ്റി പെറി ഇടയ്ക്ക് ട്രൂഡോയുടെ നേരെ ചായുന്നതും വീഡിയോയില്‍ കാണാം. 

53-കാരനായ ട്രൂഡോയും നാല്‍പത് വയസുകാരിയായ പെറിയും ഒരുമിച്ചുള്ള സമയം ആസ്വദിക്കുന്നത്‌ വീഡിയോയില്‍ ദൃശ്യമാണ്. ഈയടുത്താണ് കാമുകനായ ഓര്‍ലാന്‍ഡോ ബ്ലൂമുമായുള്ള ബന്ധം കാറ്റി പെറി ഉപേക്ഷിച്ചത്. ജസ്റ്റിന്‍ ട്രൂഡോയും നിലവില്‍ ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ്. 2023 ആഗസ്റ്റിലാണ് സോഫിയുമൊത്തുള്ള പതിനെട്ട് വര്‍ഷത്തെ വിവാഹബന്ധം ട്രൂഡോ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക്‌ മൂന്ന് കുട്ടികളുണ്ട്. 

ഔദ്യോഗിക ചുമതലകളിൽ നിന്ന് രാജിവെച്ച ശേഷം ട്രൂഡോ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കുറഞ്ഞിരുന്നു. അതിനിടെ കാറ്റി പെറിയുമായി കൂടിക്കാഴ്ച്ച നടത്തിയതാണ് ആളുകളില്‍ 'ഡേറ്റിങ്'  സംശയം ഉയര്‍ത്താന്‍ കാരണം. സംഗീത പര്യടനത്തിന്റെ ഭാഗമായാണ് കാറ്റി പെറി കാനഡയില്‍ എത്തിയിരിക്കുന്നത്. ഒട്ടാവ, മോണ്‍ട്രിയാല്‍, ക്യുബെക് സിറ്റി, ടൊറന്‍ഡോ എന്നിവിടങ്ങളില്‍ പെറിയുടെ പരിപാടികള്‍ നടക്കും.

നിലവില്‍ കൂടിക്കാഴ്ച്ചയെ കുറിച്ച് രണ്ട് പേരും പ്രതികരിച്ചിട്ടില്ല. അത്താഴത്തിന് ഉന്നതവ്യക്തികള്‍ തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ച്ച എന്നതിലുപരിയായ മാനമുണ്ടോ എന്ന് കണ്ടെത്താനുള്ള തിരക്കിലാണ് ഇന്റര്‍നെറ്റ് ലോകം. 

Content Highlights: Former Canadian PM Justin Trudeau and singer Katy Perry fueled dating rumors.