മറ്റ് പെൺകുട്ടികളെ എത്തിക്കാൻ സമ്മർദം; വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ കേസ് അതിജീവിത

പ്രതീകാത്മക ചിത്രം | Photo:Pexels
പ്രതീകാത്മക ചിത്രം | Photo:Pexels

അമേരിക്കൻ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ അതിക്രമങ്ങളെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. എപ്സ്റ്റീന്റെ ചൂഷണത്തിന് ഇരയായ ജൂലിയ മോൾചാനോവയാണ് വർഷങ്ങൾക്ക് ശേഷം ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് വഴങ്ങാത്ത പെൺകുട്ടികളെ മാനസികമായും ശാരീരികമായും തടവിലാക്കാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നുവെന്നും, മറ്റ് യുവതികളെ തനിക്കായി വലയിലാക്കാൻ ആവശ്യപ്പെട്ടിരുന്നതായും ജൂലിയ വോൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

2011-ൽ 22-ാം വയസ്സിൽ ന്യൂയോർക്ക് സന്ദർശിക്കവേയാണ് റഷ്യൻ വംശജയായ ജൂലിയയെ എപ്സ്റ്റീൻ പരിചയപ്പെടുന്നത്. ഫാഷൻ ഡിസൈനിംഗിൽ താല്പര്യമുണ്ടായിരുന്ന ജൂലിയയ്ക്ക് ന്യൂയോർക്കിലെ പ്രശസ്തമായ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രവേശനം വാഗ്ദാനം ചെയ്താണ് എപ്സ്റ്റീൻ വലയിലാക്കിയത്. 2012-ൽ പാരീസിൽ വെച്ച് ജൂലിയയുടെ അന്നത്തെ കാമുകനുമായുണ്ടായ തർക്കത്തിൽ അവരെ സഹായിക്കുകകയും മടങ്ങാനുള്ള ടിക്കറ്റ് എടുത്തുനൽകുകയും ചെയ്തതോടെ എപ്സ്റ്റീനോടുള്ള അടുപ്പം വർധിച്ചു. 2012 ജനുവരിയിൽ സ്വന്തം അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തിയാണ് ആദ്യമായി എപ്സ്റ്റീൻ പീഡിപ്പിക്കുന്നത്. കുടുംബത്തിൽനിന്നും പ്രിയപ്പെട്ടവരിൽനിന്നും പതിയെ ജൂലിയയെ ഒറ്റപ്പെടുത്തി. ജൂലിയ എന്ത് ധരിക്കണം, മുടി എങ്ങനെ കെട്ടണം, എങ്ങനെ പണം ചെലവഴിക്കണം, ഏതൊക്കെ ഡോക്ടർമാരെ കാണണം, ആരെല്ലാമായി ബന്ധപ്പെടണം എന്നുള്ളത് തീരുമാനിച്ചിരുന്നത് എപിസ്റ്റീനായിരുന്നുവത്രേ. കൂടുതൽ പെൺകുട്ടികളെ എത്തിക്കാൻ ജൂലിയയ്ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ അവർ ഇതിന് തയ്യാറായില്ല. ഇതിന്റെ പ്രതികാരമായി ദിവസങ്ങളോളം മുറിയിൽ പൂട്ടിയിടുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി അവർ വെളിപ്പെടുത്തി.

ജെഫ്രി എപ്സ്റ്റീൻ| ഫോട്ടോ :എപി

ഒരു അസിസ്റ്റന്റ് ആയിട്ടാണ് ജൂലിയയെ പരിഗണിച്ചിരുന്നത്. എപ്പോഴും നന്ദിയുള്ളവളും സന്തോഷവതിയും അനുസരണയുള്ളവളുമായിരിക്കണമെന്ന കർശന നിബന്ധനകൾ ആ പദവിക്കൊപ്പമുണ്ടായിരുന്നു. തന്റെ സാമ്പത്തിക കാര്യങ്ങളിലേക്കും ഈ നിയന്ത്രണങ്ങൾ നീണ്ടിരുന്നതായി ജൂലിയ പറഞ്ഞു. 2014-ൽ, എപ്സ്റ്റീന്റെ അഭിഭാഷകനായ ഡാരൻ ഇൻഡൈക്, തന്റെ പേരിൽ ഒരു കമ്പനി രൂപീകരിക്കാൻ സഹായിച്ചതായി അവർ പറഞ്ഞു. ഒരു ഡിസൈൻ ബിസിനസ്സ് ആരംഭിക്കാൻ തന്നെ സഹായിക്കാനാണ് അദ്ദേഹം ഇത് ചെയ്തതെന്നാണ് എപ്സ്റ്റീൻ പറഞ്ഞിരുന്നതെങ്കിലും, പിന്നീട് തനിക്ക് മനസ്സിലാകാത്ത ചില സാമ്പത്തിക ഇടപാടുകൾ അതിൽ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി അവർ വ്യക്തമാക്കി. ക്രെഡിറ്റ് ആപ്പ് പരിശോധിച്ചപ്പോഴാണ് തന്റെ പേരിൽ വൻതുകയുടെ ക്രെഡിറ്റ് കാർഡുകളും സാമ്പത്തിക ഇടപാടുകളും നടക്കുന്നുണ്ടെന്ന് മനസ്സിലായത്. തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടുകളും കമ്പനികളും എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് അവർ ചോദ്യം ചെയ്യാൻ തുടങ്ങി. അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ആളുകളെ അവർ ചോദ്യം ചെയ്തു. ഒടുവിൽ എപ്സ്റ്റീനുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിക്കുകയും ചെയ്തു. പാം ബീച്ചിൽ വെച്ച് കാണാൻ എപ്സ്റ്റീൻ ക്ഷണിച്ചെങ്കിലും ജൂലിയ ആ ക്ഷണം നിരസിച്ചു. മാസങ്ങൾക്ക് ശേഷം 2019 ജൂലൈയിലാണ് സെക്‌സ് ട്രാഫിക്കിങ് കുറ്റങ്ങൾക്ക് എപ്സ്റ്റീൻ അറസ്റ്റിലാകുന്നത്.

കടപ്പാട് – വോൾസ്ട്രീറ്റ് ജേണൽ

Content Highlights: Jeffrey Epstein survivor Yulia Molchanova breaks her silence in a new interview., Details of psychological abuse, isolation, and financial manipulation by Epstein., Pressure to recruit other young women for Epstein and the refusal that led to imprisonment., Discovery of unauthorized financial accounts and credit cards registered in her name.