ഹിന്ദിയില്‍ സംസാരിച്ച് ജാപ്പനീസ് വ്‌ളോഗര്‍;അമ്പരന്ന് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍

വൈറല്‍ വീഡിയോയില്‍ നിന്ന് | Photo: instagram/ namaste_kohei
വൈറല്‍ വീഡിയോയില്‍ നിന്ന് | Photo: instagram/ namaste_kohei

ഇന്ത്യയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളോട് ഹിന്ദിയില്‍ സംസാരിച്ച് ജാപ്പനീസ് വ്‌ളോഗര്‍. 'നമസ്‌തേ കോഹെയ്' എന്ന ഇന്‍സ്റ്റഗ്രാം കണ്ടന്റ് ക്രിയേറ്ററാണ് ടൂറിസ്റ്റുകളോട് മനോഹരമായി ഹിന്ദി സംസാരിച്ചത്. ഇതിന്റെ വീഡിയോ കോഹെയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ നിന്നെത്തിയ നാല് പേരടങ്ങുന്ന ടൂറിസ്റ്റ് സംഘം കോഹേയ് ഹിന്ദി സംസാരിക്കുന്നത് കേട്ട് അദ്ഭുതപ്പെടുന്നത് വീഡിയോയില്‍ കാണാം. കോഹേ സംഘത്തിലെ ഒരാളെ സമീപിച്ച് 'നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്?' എന്ന് വിനയത്തോടെ ചോദിക്കുന്നു, 'ഇന്ത്യ' എന്ന് അയാള്‍ മറുപടി നല്‍കുമ്പോള്‍, കോഹേ ആവേശത്തോടെ 'ആപ്കാ ഹാര്‍ദിക് സ്വാഗത് ഹേ ജപ്പാന്‍ മേം' (ജപ്പാനിലേക്ക് നിങ്ങള്‍ക്ക് ഊഷ്മളമായ സ്വാഗതം) പറയുന്നു.

മൂന്ന് വര്‍ഷത്തോളം ഡല്‍ഹിയില്‍ താമസിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് ഹിന്ദി പഠിച്ചതെന്നും കോഹെയ് അവരോട് പറയുന്നുണ്ട്. ആഴത്തിലുള്ള ചരിത്രവും സംസ്‌കാരവുമുള്ള ഇന്ത്യയെ മനസിലാക്കാനായാണ് ഹിന്ദി പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഹിന്ദി പഠിക്കാന്‍ പുസ്തകങ്ങളും തന്നെ സഹായിച്ചിട്ടുണ്ടെന്നും കോഹേയ് പറയുന്നു. 

തങ്ങള്‍ ജപ്പാനിലെ ടോക്കിയോ കാണാന്‍ വന്നതാണെന്നും ഇവിടേയുള്ള ആളുകള്‍ വളരേയധികം വിനയമുള്ളവരാണെന്നും വിനോദസഞ്ചാരികള്‍ പറയുന്നുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം കിട്ടാന്‍ അല്‍പം ബുദ്ധിമുട്ടാണെന്നും തിരക്കുള്ള നഗരമായിട്ടും ടോക്കിയോയിലെ ആളുകള്‍ വളരേയധികം ശാന്തതയോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അതാണ് ജപ്പാനില്‍ ഏറെ ഇഷ്ടപ്പെട്ട കാര്യമെന്നും വിനോദസഞ്ചാരികള്‍ പറയുന്നു. 

സംഭാഷണത്തിനിടയില്‍, അവര്‍ക്ക് ജപ്പാന്‍ ഇഷ്ടപ്പെട്ടോ എന്ന് അദ്ദേഹം ഇന്ത്യന്‍ സംഘത്തോട് ചോദിച്ചു. 'നിങ്ങള്‍ ഇവിടം കാണാന്‍ വന്നതാണോ?' എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന്, ജപ്പാന്റെ സംസ്‌കാരം മനസ്സിലാക്കാന്‍ വന്നതാണെന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ മറുപടി നല്‍കി. ജപ്പാനിലെ ആളുകള്‍ വളരെ വിനയമുള്ളവരാണെന്നും അത് തങ്ങള്‍ക്ക് ഏറെ ഇഷ്ടമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിന് പിന്നാലെ വൈറലായി. അയാളുടെ ഹിന്ദിയിലുള്ള സംസാരം വളരേയധികം ഇഷ്ടപ്പെട്ടുവെന്നാണ് മിക്കവരും കമന്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് പങ്കുവെച്ച ഈ വീഡിയോ 54 ലക്ഷം പേരാണ് കണ്ടത്. ഏഴരലക്ഷത്തോളം പേര്‍ ലൈക്കും ചെയ്തിട്ടുണ്ട്. 


 

Content Highlights: japanese vlogger interacts with indian tourists with fluent hindi