‘അന്ന്, മദ്യപിച്ചേ തീരൂ എന്ന അവസ്ഥ ഉണ്ടായി’; കോവിഡ് കാലത്തെ ദുശ്ശീലത്തെക്കുറിച്ച് ജാൻവി കപൂർ

ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡിന്റെ പ്രിയതാരവും ഫാഷൻ ഐക്കണുമായ ജാൻവി കപൂർ. കോവിഡ് കാലത്ത് താൻ നേരിട്ട മാനസിക സമ്മർദ്ദങ്ങളും അത് എങ്ങനെ മദ്യപാനത്തിലേക്ക് നയിച്ചുവെന്നും ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ താരം പങ്കുവെച്ചു. മദ്യപാനത്തിന് അടിമയായിരുന്നില്ലെങ്കിലും ആ ശീലം തന്റെ ശരീരത്തെയും മനസ്സിനെയും എങ്ങനെ ബാധിച്ചുവെന്നും ജാൻവി വ്യക്തമാക്കി.
"ഞാൻ പൊതുവെ വല്ലപ്പോഴും മാത്രം മദ്യപിക്കുന്ന ഒരാളാണ്. എന്നാൽ കോവിഡ് സമയത്ത് ഏകദേശം ഒരു വർഷത്തോളം പതിവായി മദ്യപിക്കുന്ന ഒരു ഘട്ടമുണ്ടായിരുന്നു. ജീവിതത്തിലുണ്ടായ വലിയൊരു ആഘാതത്തിന് പിന്നാലെയായിരുന്നു അത്. ലഹരിക്ക് അടിമയായിരുന്നു എന്നോ അത് ദുരുപയോഗം ചെയ്തു എന്നോ ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് മദ്യപിക്കണം എന്ന് തോന്നുന്ന അവസ്ഥയായിരുന്നു അന്ന്’-ജാൻവി പറഞ്ഞു.
എന്നാൽ ആ ശീലം അധികകാലം നീണ്ടുനിന്നില്ലെന്നും താരം പറയുന്നു. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ തന്റെ ശരീരത്തിൽ നിന്ന് വന്ന ഒരു പ്രത്യേക ഗന്ധം ജാൻവിയെ ഭയപ്പെടുത്തി. മദ്യത്തിന് അടിമയായ തന്റെ പ്രിയപ്പെട്ടവരിൽ നിന്ന് വരാറുള്ള അതേ ഗന്ധമായിരുന്നു അത്. ആ തിരിച്ചറിവ് തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് ജാൻവി പറയുന്നു.
"ആ ഗന്ധം അനുഭവപ്പെട്ടപ്പോൾ ഇത് ശരിയല്ലെന്ന് എനിക്ക് തോന്നി. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ഹാങ്ങോവർ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. അതോടെ ഏകദേശം ഒന്നര വർഷത്തോളം ഞാൻ മദ്യം തൊട്ടില്ല. ഇപ്പോൾ ഞാൻ മദ്യപാനത്തോട് സൗഹൃദപരമായ ഒരു അകലം പാലിക്കുന്നു’- താരം കൂട്ടിച്ചേർത്തു.
ലഹരിക്ക് അടിമയായ പ്രിയപ്പെട്ടവരെ പരിചരിക്കുന്ന ഒരാൾ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ജാൻവി പങ്കുവെച്ചു. അത്തരക്കാരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ കെയർഗിവർ അനുഭവിക്കുന്ന കുറ്റബോധത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും ജാൻവി മനസ്സ് തുറന്നു. നിലവിൽ അമഹ എന്ന മാനസികാരോഗ്യ പ്ലാറ്റ്‌ഫോമുമായി ചേർന്ന് ലഹരി വിമുക്തിയെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് താരം.
Content Highlights: Janhvi Kapoor shares her personal experience with alcohol during the COVID-19 lockdown., A self-realization moment regarding her health prompted her to quit drinking.