'പിസ്സയും ബർഗറും കഴിക്കാറുണ്ട്': 15 കിലോ കുറച്ചതിന്റെ സീക്രട്ട് പങ്കുവെച്ച് ഇൻഫ്‌ളുവൻസർ

15 കിലോ ശരീരഭാരം കുറച്ച താൻ ഇപ്പോഴും ബർഗറും പിസ്സയും കഴിക്കാറുണ്ടെന്ന് ഇൻഫ്‌ളുവൻസറായ ഇഷിത ലാംബ പറയുന്നു. തീവ്രമായ ഡയറ്റുകൾ പിന്തുടരുകയോ ചില പ്രത്യേക ഭക്ഷണവിഭാഗങ്ങൾ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യാതെ, താൻ എങ്ങനെയാണ് കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റനസ് നിലനിർത്തുന്നതെന്നാണ് ഇഷിത പറയുന്നത്. ഇപ്പോഴും ശരീരഭാരം കൂടാതെ ഫിറ്റ്‌നസ് നിലനിർത്തുന്നതിന്റെ സീക്രട്ട് പങ്കുവെച്ചിരിക്കുകയാണ് അവർ.
ശരീരഭാരം കുറയ്ക്കുന്നത് പലപ്പോഴും അത് ദീർഘകാലത്തേക്ക് നിലനിർത്തുന്നതിനേക്കാൾ എളുപ്പമാണ്. പെട്ടെന്നുള്ള ഫലങ്ങൾ കാണുന്നതിനായി പലരും കർശനമായ ഡയറ്റുകളെയോ കഠിനമായ വർക്കൗട്ടുകളെയോ ആശ്രയിക്കുമ്പോൾ, ആ ഫലങ്ങൾ നിലനിർത്തുന്നതിന് പ്രായോഗികവുമായ ജീവിതശൈലീ മാറ്റങ്ങൾ ആവശ്യമാണ്.
തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ, ആവർത്തിച്ച് തടി കൂടുകയും കുറയുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാനും നീണ്ടുനിൽക്കുന്ന ഫലങ്ങൾ നേടാനും തന്ന സഹായിച്ച പ്രായോഗിക ശീലങ്ങൾ ഇഷിത ലാംബ വെളിപ്പെടുത്തിയിട്ടുണ്ട്. ''അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം ഞാൻ പട്ടിണി കിടക്കാറില്ല. പകരം ഞാൻ എന്റെ സാധാരണ ദിനചര്യ തുടരും’’-ഇഷിത വ്യക്തമാക്കി. തൊട്ടടുത്ത ദിവസം കുറച്ചു ഭക്ഷണം കഴിച്ച് അത് പരിഹരിക്കാൻ ശ്രമിക്കുന്നതിനേക്കാൾ, സാധാരണ ഭക്ഷണരീതിയിലേക്ക് തിരികെ പോകാനാണ് ഇൻഫ്‌ളുവൻസർ നിർദ്ദേശിക്കുന്നത്. തന്റെ ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലാക്കാൻ ഓരോ തവണയുള്ള ഭക്ഷണത്തിനുശേഷവും ഞാൻ 2,000 ചുവടുകൾ നടക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കലോറി നിയന്ത്രിക്കുന്നതിനേക്കാൾ പ്രാധാന്യം പ്രോട്ടീനാണെന്നും ഇഷിത ചൂണ്ടിക്കാണിച്ചു. കുറച്ചു കഴിക്കുന്നതിന് പകരം തനിക്ക് ആവശ്യമായ പ്രോട്ടീൻ കഴിക്കാനാണ് ശ്രദ്ധിക്കുന്നത്. കുറച്ചു കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം കുറയുമെന്ന് അർത്ഥമില്ല. ആഴ്ചയിൽ നാല് തവണ വെയ്റ്റ് ട്രെയിനിംഗും, ആഴ്ചയിൽ രണ്ട് തവണ ഇൻക്ലൈൻ വാക്കിംഗ്, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങളും കാർഡിയോയും ഇഷിത ചെയ്യുന്നു. ശരീരത്തിൽ ജലാംശം നിലനിർത്താൻ, അവർ പ്രതിദിനം 3-4 ലിറ്റർ വെള്ളം കുടിക്കുകയും ചെയ്യുന്നു.
അത്താഴത്തിന് ശേഷം പെരുംജീരകമിട്ട വെള്ളം കുടിക്കാൻ അവർ ശുപാർശ ചെയ്തു, കാരണം ഇത് ദഹനത്തെ സഹായിക്കുകയും ഉറക്കത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇഷ്ടവിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് പകരം, താൻ ഇപ്പോഴും പിസ്സ, മധുരപലഹാരങ്ങൾ, ബർഗറുകൾ എന്നിവ കഴിക്കുന്നുണ്ട്. ''പക്ഷേ അവ ദിവസവും കഴിക്കാറില്ലെന്ന് മാത്രം-അവർ വിശദമാക്കി.
വ്യായാമം ചെയ്യാൻ മടി തോന്നുന്ന ദിവസങ്ങളിൽ പാട്ട് കേട്ട് നീണ്ട നടത്തിന് പോകുമെന്നും അവർ പറയുന്നു. യാത്ര ചെയ്യുമ്പോഴും അവർ കർശനമായ ഡയറ്റ് പിന്തുടരാറില്ല, എങ്കിലും പകൽ സമയങ്ങളിൽ നടക്കാനും ലിഫ്റ്റുകൾക്ക് പകരം പടവുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നാണ് അവരുടെ നിർദ്ദേശം. തിരക്കിട്ട ദിവസങ്ങളിൽപ്പോലും വർക്കൗട്ടുകൾ ക്രമീകരിക്കുകയും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാറുണ്ടെന്നും ഇടയ്ക്കിടയ്ക്കുള്ള വിശപ്പകറ്റാൻ ഭക്ഷണം നാലോ അഞ്ചോ തവണകളായി കഴിക്കാറുണ്ടെന്നും അവർ പറയുന്നു.
Content Highlights: Sustainable weight loss is better than restrictive dieting., Prioritize protein intake over extreme calorie cutting., Post-meal walking (2,000 steps) helps regulate glucose levels., Maintain a balanced routine including weight training and cardio., Occasional indulgence in favorite foods is acceptable for long-term success.