'കരയാന്‍ പോലുമാകാതെ വേദന ഉറഞ്ഞ് കട്ടപിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍'

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സംഗീതസംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. കാലമേറെ കടന്നുപോയാലും മരണംവരെ നമ്മളെ വിട്ടുപോകാതെ ചിലതുണ്ടാകുമെന്നും അതില്‍ ഏറ്റവും മുകളിലാണ് ബാലഭാസ്‌കറിന്റെ സ്ഥാനമെന്നും ഇഷാന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഒരുമിച്ചു നടന്ന വഴികളിലൂടെ ഇന്ന് ഒറ്റയ്ക്ക് നടക്കേണ്ടിവരുമ്പോള്‍ വല്ലാത്ത ശൂന്യത തോന്നുവെന്നും ഇഷാന്‍ കുറിച്ചു. 'തിരികെ വരൂ' എന്ന ഈണത്തിനൊപ്പം ബാലഭാസ്‌കറിന്റെ ഓര്‍മച്ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയും ഇഷാന്‍ പങ്കുവെച്ചിട്ടുണ്ട്.
'ഉറക്കെ പാടാനും പൊട്ടിച്ചിരിക്കാനും പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാന്‍ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വര്‍ഷങ്ങള്‍. ശരിക്കും, ഭൂമി ഒരു സ്വര്‍ഗ്ഗമായി മാറുന്നത് പ്രതിബന്ധങ്ങള്‍ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാന്‍ കഴിയുമ്പോഴാണ്. ഉറ്റവനായി ജീവിതം വര്‍ണ്ണാഭമാക്കിയ സൗഹൃദനാളുകള്‍, ഇന്ന് വഴിയില്‍ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതില്‍ ഏറ്റവും മുകളില്‍ ആണ് എന്റെ ബാലുഅണ്ണന്‍'-ഇഷാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്നതിനിടെ ഒക്ടോബര്‍ രണ്ടിന് ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
Content Highlights: ishaan dev remembering balabhaskar on his fourth death anniversary