പ്രസവം ലൈവായി കാണിച്ചതിനു പിന്നാലെ വിമർശനം നേരിട്ട് ഇന്‍ഫ്‌ളുവന്‍സര്‍, പണത്തിന് വേണ്ടിയല്ലെന്ന് വിശദീകരണം

പ്രസവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്യുന്നത് സാധാരണ സംഭവമായി മാറിയത് അടുത്തിടെ മാത്രമാണ്. പ്രസവസമയത്തെ സ്ത്രീകളുടെ അവസ്ഥ മനസിലാക്കാന്‍ ഇത്തരം വീഡിയോകള്‍ വലിയരീതിയില്‍ സഹായിച്ചിട്ടുണ്ട്. 'സുഖപ്രസവ'മെന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ലെന്ന തിരിച്ചറിവും ഇത്തരം വീഡിയോകളിലൂടെ സമൂഹത്തിന് ലഭിച്ചു.
ചിത്രീകരിച്ച വീഡിയോ പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ് സാധാരണ കണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറായ ഒരു യുവതി തന്റെ പ്രസവം തത്സമയം ലോകത്തെ കാണിച്ചതാണ് വലിയ ചര്‍ച്ചയായിരിക്കുന്നത്. യുഎസ്സിലെ ടെക്‌സാസില്‍ നിന്നുള്ള ഗെയിമിങ് ഇന്‍ഫ്‌ളുവന്‍സര്‍ ഫാന്‍ഡിയാണ് തന്റെ രണ്ടാമത്തെ പ്രസവം പൂര്‍ണമായി ലൈവ് സ്ട്രീം ചെയ്തത്. ട്വിച്ച് എന്ന ലൈവ് സ്ട്രീമിങ് ആപ്പിലൂടെയാണ് ഫാന്‍ഡി തന്റെ പ്രസവം ലോകത്തിന് തത്സമയം കാണിച്ചുകൊടുത്തത്.
Also Read: 'ദിയാ, നിന്റെ പ്രസവ വീഡിയോ കണ്ട് കരഞ്ഞു, നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്...' -പേളി മാണി
സംഭവം വലിയ ചര്‍ച്ചയായതോടെ ഇതില്‍ വിശദീകരണവുമായി ഫാന്‍ഡി രംഗത്തെത്തി. ഇക്കാലത്ത് ഒട്ടേറെ പേര്‍ പ്രസവം ചിത്രീകരിക്കുന്നുണ്ടെന്നും തത്സമയം സ്ട്രീം ചെയ്തുവെന്നത് ഒഴിച്ചാല്‍ ഇത് അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്നും അവര്‍ വിമര്‍ശകര്‍ക്ക് മറുപടിയായി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഫാന്‍ഡി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പണമുണ്ടാക്കാന്‍ വേണ്ടിയാണ് പ്രസവം തത്സമയം സംപ്രേഷണം ചെയ്തത് എന്ന ആരോപണം ഫാന്‍ഡി നിഷേധിച്ചു. താനും തന്റെ ജീവിതപങ്കാളി ബ്രയാനും സബ്ക്രിപ്ഷനോ സംഭാവനകളോ ഒന്നും ആവശ്യപ്പെട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു. കാലങ്ങളായി തനിക്കൊപ്പമുള്ള ഓണ്‍ലൈന്‍ കൂട്ടായ്മയുമായി തന്റെ വ്യക്തിപരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ചെയ്തത്. ഗൗരവമേറിയ കാര്യമായിരുന്നു അത്. തങ്ങള്‍ അതിന്റെ തിരക്കിലായിരുന്നുവെന്നും ഫാന്‍ഡി പറഞ്ഞു.
തന്റെ ഓണ്‍ലിഫാന്‍സ് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തുവെന്നും ഇനി മുതല്‍ ലൈവ് സ്ട്രീമിങ്ങില്‍ മാത്രം പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും പറഞ്ഞ ഫാന്‍ഡി, തന്റെ ജീവിതത്തിലെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlights: US Influencer Fandy Livestreams Childbirth On Twitch, Says Not For Money and Deactivated OnlyFans Account