മിസ് വേള്‍ഡ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ്; ബനാറസി പട്ടുസാരിയില്‍ മനം കവര്‍ന്ന് സിനി ഷെട്ടി

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ലോകസൗന്ദര്യ മത്സരം വിരുന്നെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ സിനി ഷെട്ടി ഉള്‍പ്പെടെ 115 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് ഡല്‍ഹിയിലും മുംബൈയിലുമായി നടക്കുന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുക. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ലോകസുന്ദരി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങ് നടന്നു.
ചടങ്ങില്‍ മത്സരാര്‍ഥികള്‍ തങ്ങളുടെ രാജ്യത്തെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് വേദിയിലെത്തിയത്. ഇന്ത്യന്‍ സുന്ദരി സിനി ഷെട്ടി തിരഞ്ഞെടുത്തത് ചുവപ്പ് നിറത്തിലുള്ള ബനാറസി പട്ടുസാരിയാണ്. ഇതിന്റെ ചിത്രങ്ങള്‍ സിനി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ ലോക സൗന്ദര്യ മത്സരവേദിയില്‍ ചേര്‍ത്തുപിടിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
സ്നേഹത്തിന്റേയും സമാധാനത്തിന്റേയും ഒത്തൊരുമയുടേയും മൂല്യങ്ങള്‍ ലോകത്തെ പഠിപ്പിക്കുന്ന ഇന്ത്യ എന്ന രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ് സിനി ഉദ്ഘാടന വേദിയില്‍ സ്വയം പരിചയപ്പെടുത്തി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിലുള്ള ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയുടെ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമായി സാരി നിലനില്ക്കുന്നു എന്നതിനാല്‍ മറ്റൊരു വസ്ത്രത്തെ കുറിച്ച് ചിന്തിക്കേണ്ടി വന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസൈനര്‍ ജയന്തി റെഡ്ഡിയാണ് ഈ പട്ടുസാരി ഡിസൈന്‍ ചെയ്തത്. ചുവന്ന സാരിക്ക് കോണ്ട്രാസ്റ്റിങ്ങായി പര്‍പ്പ്ള്‍ നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് തെരഞ്ഞെടുത്തത്. കല്ലുകള്‍ പതിപ്പിച്ച ഇയര്‍ റിങ്ങുകളും നെറ്റി ചുട്ടിയും മാലയും വളയും ആഭരണങ്ങളായി അണിഞ്ഞു. വസ്ത്രത്തിന്റെ പ്രധാന്യം എടുത്തുകാട്ടുന്ന തരത്തില്‍ ലളിതമായി മേക്കപ്പ് ചെയ്ത് സിനിയെ ഒരുക്കിയത് സ്റ്റൈലിസ്റ്റ് രക്ഷാ സിങ്ങാണ്. ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഈ സാരിയുടെ വില.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുള്ള സിനി ഷെട്ടി മുന്‍ മിസ് കര്‍ണാടകയും ഭരതനാട്യം നര്‍ത്തകിയുമാണ്. നിരവധി പരസ്യചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. റെയ്ത ഫാരിയ, ഐശ്വര്യ റായ്, ഡയാന ഹെയ്ഡന്, യുക്താ മുഖി, പ്രിയങ്ക ചോപ്ര, മാനുഷി ഛില്ലര്‍ എന്നിവരാണ് ഇതിന് മുമ്പ് ലോക സൗന്ദര്യ കിരീടം ഇന്ത്യയിലെത്തിച്ചത്.
മുംബൈ ജിയോ വേള്‍ഡ് കണ്വെന്ഷന് സെന്ററിലാണ് മിസ് വേള്‍ഡ് ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറുക. മാര്‍ച്ച് ഒമ്പതിന് രാത്രി 7.30ന് തുടങ്ങുന്ന മത്സരം 10.30-ഓടെ അവസാനിക്കും. കഴിഞ്ഞ തവണ പോളണ്ടില്‍ ലോകസൗന്ദര്യ കിരീടമെത്തിച്ച കരോലിന ബിലാവ്സ്ക പുതിയ വിജയിയെ കിരീടം അണിയിക്കും.
1996-ല്‍ ബെംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്. 88 മത്സരാര്‍ഥികളാണ് അന്ന് മാറ്റുരച്ചത്. ഗ്രീസില്‍ നിന്നുള്ള ഐറിന് സ്ക്ലിവയയെ അന്ന് ലോകസുന്ദരിയായി തിരഞ്ഞെടുത്തു.
Content Highlights: sini shetty in a stunning banarasi silk saree