'ഞങ്ങളുടെ കഥയില്‍ പുതിയ അധ്യായം': സന്തോഷവാര്‍ത്ത പങ്കുവെച്ച് വിനേഷ് ഫോഗട്ട്

ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ ഗുസ്തി താരവും ഹരിയാണ എംഎല്‍എയുമായ വിനോഷ് ഫോഗട്ട്. ഭര്‍ത്താവ് സോംവീര്‍ രതീയും താനും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വ്യക്തമാക്കി വിനേഷ് താന്‍ ഗര്‍ഭിണിയാണെന്നും വെളിപ്പെടുത്തി.
'ഞങ്ങളുടെ പ്രണയക്കഥ ഒരു പുതിയ അധ്യായത്തിലൂടെ തുടരുകയാണ്' ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച വിനേഷ് ഇങ്ങനെ കുറിച്ചു. വിനേഷിന്റെ സഹതാരങ്ങളും സുഹൃത്തുക്കളുമായ ബജ്‌റങ് പുനിയ, സാക്ഷി മാലിക് തുടങ്ങി നിരവധിപേര്‍ ദമ്പതികള്‍ക്ക് ആശംസകളറിയിച്ചു.
ഗുസ്തിയിലെ പ്രകടനംകൊണ്ടും സമരങ്ങളെ തുടര്‍ന്നും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറസാന്നിധ്യമായിരുന്നു വിനേഷ് ഫോഗട്ട്. 2024-ല്‍ പാരീസ് ഒളിമ്പിക്‌സില്‍ ചരിത്രംകുറിച്ചുകൊണ്ട് വിനേഷ് ഫൈനല്‍ പ്രവേശനം നേടിയിരുന്നു.
ഫൈനലില്‍ നൂറുഗ്രാം ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഹരിയാണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തിരുന്നു.
Content Highlights: Indian wrestler Vinesh Phogat announces pregnancy-A new chapter in our story