'പുലർച്ചെ 3, ഇവിടെ തിരിഞ്ഞുനോക്കാതെ ധൈര്യമായി നടക്കാം'; സിങ്കപ്പുർ അനുഭവം പങ്കുവെച്ച് യുവതി

വിദേശത്ത് താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സിങ്കപ്പുരിൽ താമസിക്കുന്ന കൃതിക ജെയിൻ ആണ് വീഡിയോ പങ്കുവെച്ചത്. പുലർച്ചെ മൂന്നിന് വിജനമായ റോഡിലൂടെ യുവതി ഒറ്റയ്ക്ക് നടക്കുന്നത് മാത്രമാണ് വീഡിയോയിലുള്ളത്.
വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് കൃതിക വീഡിയോ പകർത്തിയത്. ഇവിടെ പുലർച്ചെ മൂന്നിന് ആരെയും ഭയക്കാതെ ഒറ്റയ്ക്ക് നടക്കാൻ സാധിച്ചെന്നും തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലെന്നും യുവതി പറയുന്നു. ഇന്ത്യയിൽ ഇത്രയധികം വൈകി ഒറ്റയ്ക്ക് പുറത്ത് പോകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും അവർ പറയുന്നു.
സിങ്കപ്പുരിൽ രാത്രി ഒറ്റയ്ക്ക് നടക്കുന്നത് സാധാരണമാണെന്ന് യുവതി പറയുന്നു. ദൈനംദിന ജീവിതത്തിന്റെ സ്വാഭാവിക ഭാഗമായിട്ടാണ് എല്ലാവരും ഇക്കാര്യത്തെ കണക്കാക്കുക. ഈ സുരക്ഷ വളരെ പ്രധാനമാണ്. ഉയരമുള്ള കെട്ടിടങ്ങളോ നഗരമോ അല്ല മറിച്ച് സുരക്ഷിതമായ അന്തരീക്ഷമാണ് സിങ്കപ്പുരിനെ പ്രിയപ്പെട്ടതാക്കുന്നതെന്നും അവർ വ്യക്തമാക്കി.
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ കൃതികയെ പിന്തുണച്ച് രംഗത്തെത്തി. സിങ്കപ്പുരിൽ ജീവിച്ച കാലത്തെക്കുറിച്ചും രാത്രികാലങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്നും ചിലർ കമന്റ് ബോക്സിൽ കുറിച്ചു.
Content Highlights: An Indian woman`s 3 AM walk in Singapore highlights personal safety differences. See her experience and social media reactions to feeling secure.