‘ഓഫീസ് സമയം കഴിഞ്ഞാൽ ഫോണെടുക്കേണ്ടതില്ല, എടുത്താൽ ഓവർടൈമിന്റെ പൈസ’-പോളണ്ടിലെ ജോലിയെ കുറിച്ച് യുവാവ്

യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ pradeep
യുവാവ് പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: instagram/ pradeep

ഇന്ത്യയിലേയും പോളണ്ടിലേയും ജോലി സാഹചര്യത്തെ കുറിച്ച് യുവാവ് പങ്കുവെച്ച വീഡിയോ ചർച്ചയാകുന്നു. നാല് വർഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറിയ പ്രദീപ് സിങ്ങാണ് ഇന്ത്യൻ കോർപറേറ്റ് മേഖലയിലെ ജോലി സാഹചര്യത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇന്ത്യയിൽ പലപ്പോഴും എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും വീട്ടിലെത്തിയാലും ഓഫീസിൽ നിന്നുള്ള കോളുകൾ എടുക്കേണ്ട സാഹചര്യമായിരുന്നുവെന്നും പ്രദീപ് പറയുന്നു. എന്നാൽ പോളണ്ടിലെത്തിയതോടെ ഇതിൽ കാര്യമായ മാറ്റം വന്നു. എട്ട് മണിക്കൂർ കഴിഞ്ഞാൽ പിന്നെ ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും മറുപടി നൽകേണ്ടതില്ലെന്നും പ്രദീപ് പറയുന്നു.

'ഒരു മാനേജർ ഓഫീസ് സമയത്തിനുശേഷം നിങ്ങളെ വിളിക്കുകയും നിങ്ങൾ ഫോണെടുക്കാതിരിക്കുകയും ചെയ്താൽ ഒരു പ്രശ്‌നവുമില്ല. ആരും നിങ്ങളെ ചീത്ത പറയുകയില്ല. ഇനി ഫോൺ എടുത്താൽ നിങ്ങൾ അഭിനന്ദിക്കപ്പെടും. ഓവർടൈം നഷ്ടപരിഹാരം ലഭിക്കും. അല്ലെങ്കിൽ ഒരു അവധി അധികം ലഭിക്കും'-പ്രദീപ് വീഡിയോയിൽ പറയുന്നു.

ഷിഫ്റ്റ് ടൈമിങ്ങിനുശേഷം പോളണ്ടിൽ ജോലി ചെയ്യുന്നത് ഓവർടൈം ആയിട്ടാണ് കണക്കാക്കുക. സാധാരണ ശമ്പളത്തിന്റെ 200 ശതമാനം വരെ നിരക്കിൽ നഷ്ടപരിഹാരം ലഭിക്കും. ഇന്ത്യൻ കോർപറേറ്റ് മേഖലയിൽ ഇത് വളരെ അപൂർവമായി മാത്രമേ നടക്കുകയുള്ളൂവെന്നും പ്രദീപ് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Contrast between normalized long hours in India and regulated 8-hour shifts in Europe., Cultural stigma against leaving on time in the Indian tech sector., Strict enforcement of boundaries in Poland with no penalties for ignoring after-hours calls., Financial incentives for overtime in Europe reaching up to 200% of standard salary.