എച്ച്-1ബി സമ്മർദം താങ്ങാനാകുന്നില്ല; എട്ട് വർഷത്തിനുശേഷം US ഉപേക്ഷിച്ച് മടങ്ങാൻ ഇന്ത്യൻ യുവാവ്

#Lifestyle Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ട്ടേറെ പേർ സ്വപ്‌നം കാണുന്ന ഒന്നാണ് യുഎസ്സിലെ ജീവിതം. സ്വപ്‌നതുല്യമായ ജീവിതം പ്രതീക്ഷിച്ചാണ് പലരും ഇവിടെനിന്ന് വിമാനം കയറുന്നത്. എന്നാൽ എട്ട് വർഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് തിരികെ വരാൻ ഒരുങ്ങുകയാണ് ഒരു ഇന്ത്യൻ ടെക്കി. യുഎസ്സിൽ നേരിടുന്ന കടുത്ത സമ്മർദമാണ് ഇതിന് കാരണമെന്നും യുവാവ് പറയുന്നു.

'എച്ച്-1ബി വിസ കാരണമുള്ള സമ്മർദം ഇനി താങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്. അഞ്ച് വർഷമായി ഞാൻ എച്ച്-1ബി വിസയിലായിരുന്നു. കൂടാതെ അതിന് മുമ്പ് മൂന്ന് വർഷം ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിലും (ഒപിടി). അങ്ങനെ ആകെ എട്ട് വർഷത്തിലേറെ നീണ്ട യുഎസ് ജീവിതത്തിന് ശേഷവും ഞാൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.'-യുവാവ് പറഞ്ഞു. റെഡ്ഡിറ്റ് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'അടുത്ത ഏപ്രിലിൽ തിരികെ ഇന്ത്യയിലേക്ക് പോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്ത് പ്രതീക്ഷിച്ചാണ് പോകുന്നതെന്ന് സത്യമായും എനിക്കറിയില്ല. ഞാൻ വിവാഹിതനല്ല. ഉത്തരവാദിത്തങ്ങളോ കടമോ ഒന്നുമില്ല. അതേസമയം എനിക്ക് മതിയായ സമ്പാദ്യവുമില്ല. ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയിൽ ഒമ്പത് മുതൽ അഞ്ച് വരെയുള്ള സാധാരണ ജോലി ചെയ്യാനല്ല ഞാൻ ആഗ്രഹിക്കുന്നത്.'-ടെക്കി തുടർന്നു.

യുഎസ് ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവന്നവരുടെ ഉപദേശങ്ങൾ ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. എങ്ങനെയാണ് ഇന്ത്യയിലെത്തി ഇവിടുത്തെ ജീവിതവുമായി പൊരുത്തപ്പെട്ടതെന്നും പരമ്പരാഗത ജോലി അല്ലാതെ മറ്റേത് മാർഗത്തിലൂടെയാണ് ഇവിടെ ജീവിതം കെട്ടിപ്പടുത്തതെന്നും അദ്ദേഹം ചോദിച്ചു.

നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തത്. നാലോ അഞ്ചോ കോടി രൂപ സമ്പാദ്യമായി ഇല്ലാതെ ഇന്ത്യയിലേക്ക് മടങ്ങിവരരുതെന്നാണ് ഒരാൾ പറഞ്ഞത്. '12 വർഷം നീണ്ട യുഎസ് ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ആളാണ് ഞാൻ. ഇന്ത്യയിലെ ജീവിതവുമായി പൊരുത്തപ്പെടുക എളുപ്പമല്ല. ആദ്യദിവസം ഒരിക്കലും വാഹനമോടിക്കരുത്. കുറച്ച് മാസങ്ങൾ റിലാക്‌സ് ചെയ്യുക. പരമാവധി സമയം വീടിനുള്ളിൽ തന്നെ കഴിയുക' എന്നാണ് മറ്റൊരാൾ നൽകിയ ഉപദേശം. ഉടൻ തന്നെ വിവാഹം ചെയ്ത് കുടുംബജീവിതം ഉണ്ടാക്കിയാൽ എച്ച്-1ബി വിസയുടെ സമ്മർദത്തിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നാണ് മൂന്നാമതൊരാൾ പറഞ്ഞത്.

Content Highlights: An Indian techie has sparked a viral debate after sharing his decision on Reddit to leave the US and return to India after eight years. Citing the immense pressure of the H-1B visa regime and a lack of substantial savings despite years of work, he expressed his desire to move back by next April. His post has resonated with many in the diaspora, highlighting the hidden emotional and financial toll of the "American Dream."