'ഞാന്‍ അമേരിക്കക്കാരനാകാന്‍ ശ്രമിച്ചു, ഇന്ത്യന്‍ സംസ്‌കാരത്തെ സ്‌നേഹിക്കാന്‍ അവളെന്നെ പഠിപ്പിച്ചു'

ഇന്ത്യന്‍ സംസ്‌കാരത്തെ കൂടുതല്‍ അറിയാനും സ്‌നേഹിക്കാനും പ്രോത്സാഹിപ്പിച്ചതും സ്വന്തം വ്യക്തിത്വത്തില്‍ സംതൃപ്തനായിരിക്കാന്‍ പഠിപ്പിച്ചതും അമേരിക്കക്കാരിയായ ഭാര്യയാണെന്ന് യുവാവ്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന സുകേത് പട്ടേല്‍ എന്ന യുവാവാണ് തന്റെ ഭാര്യ ഹാലിയെ കുറിച്ച് ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇരുവരുടേയും ഒരുമിച്ചുള്ള അക്കൗണ്ടായ 'ഹാഫ് പാസ്റ്റ് ചായി'-ലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'എന്റെ അമേരിക്കക്കാരിയായ ഭാര്യയുമായി പ്രണയത്തിലായ ശേഷമാണ് ഞാന്‍ കൂടുതല്‍ ഇന്ത്യക്കാരനായത്. ഇന്ത്യന്‍ വംശജരായ ഒരുപാട് പേര്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ തുടങ്ങിയാല്‍ ഇത്തരമൊരു വ്യക്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ചുറ്റുമുള്ളതെല്ലാം അമേരിക്കക്കാരായതിനാല്‍ അവരെപ്പോലെയാകാന്‍ നമ്മളും ശ്രമിക്കും. ഞാനും അതാണ് ചെയ്തത്. ഹൈസ്‌കൂളില്‍ കാലം മുതല്‍തന്നെ ഒരു അമേരിക്കക്കാരനാകാനാണ് ഞാന്‍ ശ്രമിച്ചത്. പിന്നീടാണ് ഞാന്‍ ഹാലിയെ കണ്ടുമുട്ടുന്നത്. എന്റെ സംസ്‌കാരത്തെ കുറിച്ച് അവള്‍ കൂടുതല്‍ അറിയാന്‍ ശ്രമിച്ചു.
'ഇതിന്റെ അര്‍ത്ഥമെന്താണ്', ഈ പരിപാടിക്ക് എന്റെ കൂടെ വരാമോ? എന്നെല്ലാം അവള്‍ എന്നോട് ചോദിക്കും. എന്റെ പാരമ്പര്യത്തിലും സംസ്‌കാരത്തിലുള്ള അവള്‍ക്കുള്ള താത്പര്യം എന്നെ മാറ്റിമറിച്ചു. വിദേശിയാകാന്‍ ശ്രമിക്കാതെ എന്റെ സംസ്‌കാരത്തെ സ്‌നേഹിക്കാന്‍ ഞാന്‍ പഠിച്ചു. നല്ല മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടാകുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഹാലിയെ കണ്ടുമുട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. സ്വന്തം വ്യക്തിത്വത്തില്‍ സംതൃപ്തനായിരിക്കാന്‍ അവള്‍ എന്നെ ഒരുപാട് സഹായിച്ചു. ഞാന്‍ കൂടുതല്‍ ഇന്ത്യക്കാരനായത് ഹാലി കാരണമാണെന്ന് കരുതുന്നു.' സുകേത് പറയുന്നു.
വീഡിയോയ്ക്ക് മുകളില്‍ 'എന്റെ ഭാര്യ എന്നെ കൂടുതല്‍ ഇന്ത്യക്കാരനാക്കി' എന്ന് എഴുതിയിരുന്നു. 'എന്റെ ഏറ്റവും നല്ല സുഹൃത്തിനെ വിവാഹം കഴിച്ചു' എന്ന ക്യാപ്ഷനും വീഡിയോയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. 'വളരെ യാഥാര്‍ഥ്യമായ ഒരു കാര്യം' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'ഇത് വളരെ ഹൃദ്യമാണ്! എന്റെ ഭര്‍ത്താവിനും തന്റേതായ വ്യക്തിത്വത്തില്‍ സംതൃപ്തനായിരിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്. 'നിങ്ങളെ നിങ്ങളായിരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ സംസ്‌കാരത്തെ സ്വീകരിക്കുകയും ചെയ്ത ഹാലി ഒരു മികച്ച വ്യക്തിയാണ്. ചിലപ്പോള്‍ നമ്മുടെ സ്വന്തം പങ്കാളികളാണ് നമ്മളില്‍ വിശ്വസിക്കാനും നാം എവിടെ നിന്ന് വരുന്നുവെന്ന് വിലമതിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്.'-എന്നായിരുന്നു ഒരു കമന്റ്.
Content Highlights: indian man credits american wife for making him more indian