ക്രെഡിറ്റ് നദിയുടെ കരയില്‍ ഗംഗ ആരതി നടത്തി കാനഡയിലെ ഇന്ത്യന്‍ സമൂഹം

ഇന്ത്യയില്‍ വാരാണസി, ഋഷികേശ്, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ഐതിഹാസികമായ ചടങ്ങിനെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് കാനഡയിലെ ഇന്ത്യന്‍ സമൂഹം. കാനഡയിലെ ക്രെഡിറ്റ് നദിയുടെ കരയിലാണ് ഗംഗ ആരതിയെ അനുസ്മരിപ്പിക്കും വിധം ഇന്ത്യന്‍ സമൂഹം പരിപാടി സംഘടിപ്പിച്ചത്.
കാനഡയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ' റേഡിയോ ഡിഷ്യും' എന്ന റേഡിയോയും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ സഞ്ജീവ് സക്‌ലാനിയുടേയും നേതൃത്വത്തിലാണ് പരിപാടി നടന്നതെന്നാണ് ടൊറൊന്റൊയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കുന്ന വിവരം.
' ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് സഞ്ജീവ് സക്‌ലാനി ഗംഗ ആരതിയില്‍ പങ്കെടുത്തു. മിസിസൗഗയിലെ എറിന്‍ഡെയില്‍ പാര്‍ക്കിലെ ക്രെഡിറ്റ് നദിക്ക് സമീപം മന്ത്രോച്ഛാരണവും കീര്‍ത്തനങ്ങളും മുഴങ്ങിയ ഒരു സായാഹ്നം' ഇന്ത്യൻ കോണ്‍സുലേറ്റ് എക്‌സില്‍ പങ്ക് വെച്ച പരിപാടിയുടെ ചിത്രങ്ങളുടെ പോസ്റ്റിന് താഴെ കുറിച്ചു.
പരിപാടിയില്‍ നടന്ന ചടങ്ങുകളുടെ വീഡിയോ പ്രിയങ്ക ഗുപ്ത എന്ന സ്ത്രീ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. കാനഡയില്‍ വന്നതിന് ശേഷം ഏറ്റവും നല്ല വൈകുന്നേരമാണ് ഇന്നലെ അനുഭവിച്ചത്. വാരണാസിയുടെയോ ഹരിദ്വാറിന്റെയോ തീരത്ത് അല്ലാതെ കാനഡയിലും മാന്ത്രികമായ ഒരനുഭവത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. വീഡിയോയുടെ കൂടെ അവര്‍ കൂറിച്ചു.
'വിദേശത്ത് ജീവിക്കുക എന്നത് കൊണ്ട് നമ്മള്‍ ആരെന്നത് മറക്കേണ്ട ആവശ്യം ഇല്ല. പരമ്പരാഗതമായ വസ്ത്രം ധരിച്ച് ഒത്തുചേര്‍ന്ന ആയിരക്കണക്കിന് ഭക്തര്‍ 'ഹര്‍ ഹര്‍ ഗംഗെ' എന്ന് ജപിച്ചപ്പോള്‍ അത് പാര്‍ക്കിലാകെ പ്രതിധ്വനിച്ചു. അവര്‍ കൂട്ടിച്ചേര്‍ത്തു.
സാമൂഹിക മാധ്യമത്തില്‍ പരിപാടിയുടെ വീഡിയോക്ക് വന്‍ പ്രചാരം ലഭിച്ചതോടെ ആളുകള്‍ പലതരത്തിലുള്ള അഭിപ്രായങ്ങളുമായി രംഗത്തെത്തി. പാരമ്പര്യത്തെ ആഘോഷിച്ചതിന് ഒരു വിഭാഗം പ്രശംസിച്ചപ്പോള്‍ മറ്റ് ചിലര്‍ നദിയെ മലിനീകരിക്കുന്നതിന് കുറ്റപ്പെടുത്തുകയും ചെയ്തു.
എത്ര സുന്ദരമായ കാഴ്ചയാണിത് എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ഗംഗയെ അപമാനിക്കുകയാണ് ചെയ്യുന്നത്, ഗംഗ ആരതി അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരൂ. എന്ന് ഒരാള്‍ കുറ്റപ്പെടുത്തി. ഗംഗ ആരതി ചെയ്യാന്‍ ആ നദി ഗംഗയല്ല. അടുത്തതായി ആളുകള്‍ അവിടെ കുംഭ മേളയും നടത്തും എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
Content Highlights: Indian community in Canada recreates the Ganga Aarti ceremony on the banks of Credit River