ഇൻഡക്ഷൻ സ്റ്റൗകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്, സ്വിഗ്ഗിയിൽ ഉൾപ്പടെ സ്റ്റോക്ക് തീരുന്നു

ഇറാൻ യുദ്ധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിലുണ്ടായ അസ്ഥിരത ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തെ ബാധിച്ചതോടെ ഇന്ത്യയിൽ പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. എൽ.പി.ജി സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നതും വിതരണത്തിലെ അനിശ്ചിതത്വവും മൂലം ജനങ്ങൾ പരിഭ്രാന്തരായി ഇൻഡക്ഷൻ സ്റ്റൗവുകളെയും ഇലക്ട്രിക് കുക്കറുകളെയും ആശ്രയിക്കുകയാണ്. ഇതോടെ വിപണിയിൽ ഇൻഡക്ഷൻ സ്റ്റൗകൾക്കും അവയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങൾക്കും വൻ ക്ഷാമം നേരിടുന്നു.
ക്വിക്ക് കൊമേഴ്‌സ് ആപ്പുകളിൽ സ്റ്റോക്ക് തീരുന്നു
ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിൽ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇൻഡക്ഷൻ സ്റ്റൗകൾ പൂർണമായും വിറ്റുതീർന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇൻഡക്ഷൻ സ്റ്റൗകൾക്ക് പുറമെ, അവയിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾക്കും വിപണിയിൽ വൻ ഡിമാൻഡാണ്.
കരിഞ്ചന്തയും വിലക്കയറ്റവും
ഗ്യാസ് സിലിണ്ടറുകൾക്ക് കരിഞ്ചന്തയിൽ 2,000 രൂപ മുതൽ 3,000 രൂപ വരെയാണ് ഈടാക്കുന്നത്. ഇതോടെ ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലായി.
ഹോട്ടലുകളെയും പി.ജി.കളെയും ബാധിച്ചു
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം കാരണം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് താമസ കേന്ദ്രങ്ങളിൽ ഭക്ഷണ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. ദോശ, പൂരി, ചപ്പാത്തി തുടങ്ങിയ ഗ്യാസ് കൂടുതൽ ആവശ്യമുള്ള വിഭവങ്ങൾ പലയിടത്തും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
Content Highlights: Middle East conflict disrupting global energy supply chains., Significant rise in demand for induction cooktops and compatible cookware.