'ശിവകാര്‍ത്തികേയന്‍ ഞങ്ങളുടെ കുടുംബസുഹൃത്ത്, ഇമ്മന്‍ അദ്ദേഹത്തെ ഇരയാക്കുന്നു';ഇമ്മന്റെ മുന്‍ഭാര്യ

ഡി ഇമ്മനും മുന്‍ഭാര്യ മോണിക്ക റിച്ചാര്‍ഡും/ ശിവകാര്‍ത്തികേയന്‍ | Photo: twitter/ instagram/ sivakarthikeyan
ഡി ഇമ്മനും മുന്‍ഭാര്യ മോണിക്ക റിച്ചാര്‍ഡും/ ശിവകാര്‍ത്തികേയന്‍ | Photo: twitter/ instagram/ sivakarthikeyan

തമിഴില്‍ ഏറെ ആരാധകരുള്ള രണ്ടുപേരാണ് നടന്‍ ശിവകാര്‍ത്തികേയനും സംഗീത സംവിധായകന്‍ ഡി. ഇമ്മനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഇപ്പോഴും സൂപ്പര്‍ഹിറ്റുകളാണ്. എന്നാല്‍ അടുത്തിടെയായി രണ്ടുപേരും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ശിവകാര്‍ത്തികേയന്‍ തന്നെ ചതിച്ചു എന്ന് ആരോപിച്ച് ഇമ്മന്‍ രംഗത്തെത്തിയിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയനുമായുണ്ടായ പ്രശ്‌നത്തേക്കുറിച്ച് ഡി. ഇമ്മന്‍ തുറന്നുപറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ഇമ്മന്റെ ആരോപണങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ഭാര്യ മോണിക്ക റിച്ചാര്‍ഡ്. ഇമ്മന്‍ പറഞ്ഞതെല്ലാം വാസ്തവ വിരുദ്ധമാണെന്നും ശിവ തങ്ങളുടെ കുടുംബസുഹൃത്തായിരുന്നെന്നും മോണിക്ക പറയുന്നു. താനും ഇമ്മനും വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ വീണ്ടും ഒരുമിപ്പിക്കാന്‍ ശ്രമിച്ച നല്ല വ്യക്തിത്വത്തിന് ഉടമയാണ് ശിവകാര്‍ത്തികേയനെന്നും മോണിക്ക പറയുന്നു.

ഇമ്മന്‍ ശിവകാര്‍ത്തികേയനെ ഇരയാക്കുകയാണ്. അദ്ദേഹത്തിന്റെ വിവാദപരാമര്‍ശങ്ങള്‍ ശിവയുടെ ജീവിതത്തേയും കരയിറിനേയും ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ച് ഇമ്മന്‍ ചിന്തിക്കുന്നില്ല. പബ്ലിസിറ്റിക്ക് വേണ്ടിയാൈണ് ഇമ്മന്‍ ഇതെല്ലാം ചെയ്യുന്നതെന്നും ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മോണിക്ക പറയുന്നു.

ഭാവിയില്‍ ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ക്കായി സംഗീതസംവിധാനം നിര്‍വഹിക്കില്ലെന്നും ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചുവെന്നും അത് സ്വന്തം ജീവിതത്തെ മാറ്റിമറിച്ചെന്നും ഇമ്മന്‍ നേരത്തെ ആരോപിച്ചിരുന്നു. 

'മനം കൊത്തി പറവൈ'യിലാണ് ഇമ്മനും ശിവകാര്‍ത്തികയേനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീട് വരുത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകന്‍, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങള്‍ പിന്നീട് ഒരുമിച്ച് ചെയ്തു. ഈ ചിത്രങ്ങളും പാട്ടുകളുമെല്ലാം ഹിറ്റായി. ഇതിനുശേഷമാണ് ഇരുവര്‍ക്കുമിടയില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായത്. 

Content Highlights: immans exwife reacts to music directors controversial statement about sivakarthikeyan