'നിന്നെ തന്നതിനു നന്ദി' കാമുകിയുടെ പിറന്നാളിന് ഹൃത്വിക്കിൻ്റെ പോസ്റ്റ്; ആശംസകൾ നേർന്ന് മുന്‍ഭാര്യയും

ഹൃത്വിക്കും സബയും | Photo: instagram.com//hrithikroshan/
ഹൃത്വിക്കും സബയും | Photo: instagram.com//hrithikroshan/

ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷനും ഗായികയും നടിയുമായ സബ ആസാദും കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയത്തിലാണ്. ഇരുവരും താമസിയാതെ വിവാഹിതരായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ സബയുടെ 39-ാം പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നിരിക്കുകയാണ് ഹൃത്വിക്. 

ഹാപ്പി ബെര്‍ത്ത്‌ഡേ സാ..നിന്നെ തന്നതില്‍ നിനക്ക് നന്ദി എന്നാണ് ഹൃത്വിക് കുറിച്ചത്. യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ ഇരുവരുടെയും മനോഹരമായ ചിത്രങ്ങളും ഹൃത്വിക് പങ്കുവെച്ചു. 
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് സബയും ഹൃത്വികും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.

ഹൃത്വിക്കിന്റെ പോസ്റ്റിന് മുന്‍ഭാര്യ സൂസന്‍ ഖാനും കമന്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത്‌ഡേ സബൂ എന്നായിരുന്നു സൂസന്റെ കമന്റ്. 

വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷവും ഇരുവരും തുടരുന്ന നല്ല സൗഹൃദം ബോളിവുഡില്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്.  നടന്‍ സഞ്ജയ് ഖാന്റെ മകളായ സൂസന്‍ 2000 ഡിസംബറിലാണ് ഹൃത്വിക് റോഷനെ വിവാഹം ചെയ്യുന്നത്. ഇരുവര്‍ക്കും ഹ്രെഹാന്‍, ഹൃദാന്‍ എന്നീ രണ്ട് ആണ്‍മക്കളുമുണ്ട്. 14 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2014-ലാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ ഇരുവരും തങ്ങള്‍ക്കിടയിലെ സൗഹൃദം അവസാനിപ്പിച്ചില്ല. മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാനും ഇരുവരും ഒന്നിച്ച് സമയം കണ്ടെത്താറുണ്ട്.

Content Highlights: Bollywood actor Hrithik Roshan wished his girlfriend, Saba Azad on her birthday