പാചകവാതകം ഇനി വിരൽത്തുമ്പിൽ; ഇൻസ്റ്റമാർട്ട് വഴി സിലിണ്ടർ ഓർഡർ ചെയ്യാവുന്ന പദ്ധതിക്ക് തുടക്കം

പാചകവാതക സിലിണ്ടറുകൾ ഇനിമുതൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റമാർട്ട് വഴിയും ലഭ്യമാകും. ഇതാദ്യമായാണ് ഇന്ത്യയിൽ ആവശ്യാനുസരണം എൽപിജി സിലിണ്ടറുകൾ എത്തിച്ചുനൽകുന്ന സേവനം ക്വിക്ക് കൊമേഴ്‌സ് ആപ്പ് വഴി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ആണ് പദ്ധതി നടപ്പാക്കുന്നത്. ഇൻസ്റ്റമാർട്ട് വഴിയുള്ള എൽപിജി സിലിണ്ടർ വിതരണം പൈലറ്റ് അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ തുടങ്ങിയിട്ടുണ്ട്.
ബെംഗളൂരുവിലെ സുബ്രഹ്‌മണ്യപുര പ്രദേശത്താണ് ബുധനാഴ്ച മുതൽ പൈലറ്റ് അടിസ്ഥാനത്തിൽ സേവനം ആരംഭിച്ചതെന്ന് ഇക്കണോമിക്‌സ് ടൈംസും ഡെക്കാൻ ഹെറാൾഡും റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഹിന്ദുസ്ഥാൻ പെട്രോളിയം അവതരിപ്പിച്ച 10 കിലോഗ്രാം കോമ്പോസിറ്റ് എൽപിജി സിലിണ്ടറായ എച്ച്പി നവ്യയും നിലവിലുള്ള അഞ്ച് കിലോഗ്രാം ലോഹ സിലിണ്ടറുമാണ് ഉപഭോക്താക്കൾക്ക് ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യാൻ സാധിക്കുക. സിലിണ്ടർ ഓർഡർ ചെയ്താൽ ഉടനടി അത് വീട്ടുപടിക്കലെത്തും.
ഇൻസ്റ്റമാർട്ട് വഴി സിലിണ്ടറുകൾ ഓർഡർ ചെയ്യാൻ നിലവിലുള്ള ഗാർഹിക എൽപിജി കണക്ഷൻ ആവശ്യമില്ല. അതേസമയം ആദ്യമായി ഇത്തരത്തിൽ സിലിണ്ടർ വാങ്ങുന്നവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കേണ്ടതാണ്. ഇതിന് ശേഷമുള്ള ഓർഡറുകൾ റീഫില്ലായാണ് കണക്കാക്കുക. പുതിയ സിലിണ്ടർ കൊണ്ടുവരുമ്പോൾ ഉപഭോക്താവിന്റെ കൈവശമുള്ള കാലിയായ എച്ച്പിസിഎൽ സിലിണ്ടർ ഡെലിവറി ഏജന്റ് തന്നെ തിരികെ കൊണ്ടുപോകും.
വിദ്യാർഥികൾ, ജോലിക്കാർ, വാടകയ്ക്ക് താമസിക്കുന്നവർ, ചെറുകുടുംബങ്ങൾ, ഒരിടത്ത് താത്കാലികമായി താമസിക്കാനെത്തുന്നവർ എന്നിവരെയാണ് എച്ച്പിസിഎല്ലിന്റെ ഇൻസ്റ്റമാർട്ട് എൽപിജി സിലിണ്ടർ വിതരണം ലക്ഷ്യമിടുന്നത്. ഇൻസ്റ്റമാർട്ടിലൂടെ ഓർഡർ ചെയ്യപ്പെടുന്ന സിലിണ്ടറുകൾ ഉപഭോക്താവിലേക്ക് എത്തിക്കുന്നത് എച്ച്പിസിഎല്ലിന്റെ അംഗീകൃത വിതരണ ശൃംഖലയിലൂടെയായിരിക്കും. പരിശീലനം ലഭിച്ച ജീവനക്കാരാണ് ഡെലിവറി നടത്തുക. സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഡെലിവറി.
നവ്യ സിലിണ്ടർ
പരമ്പരാഗതമായ ഇരുമ്പ് സിലിണ്ടറുകളിൽ നിന്ന് വ്യത്യസ്തമായി എച്ച്പിസിഎൽ അവതരിപ്പിച്ച കോമ്പോസിറ്റ് എൽപിജി സിലിണ്ടറാണ് നവ്യ. ലോഹ സിലിണ്ടറുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞ നവ്യ സിലിണ്ടറുകൾ തുരുമ്പ് പിടിക്കുകയില്ല. കരുത്തുറ്റ ഫൈബർ ഗ്ലാസ്, പോളിമർ/പ്ലാസ്റ്റിക് റെസിൻ, അകത്ത് പാചകവാതകം ശേഖരിക്കുന്നിടത്ത് പോളിമർ ലൈനർ എന്നിവ കൊണ്ടാണ് ഇത്തരം സിലിണ്ടറുകൾ നിർമിക്കുന്നത്.
പുറത്ത് കരുത്തുറ്റ പ്ലാസ്റ്റിക്ക് കൊണ്ടുള്ള സംരക്ഷണകവചവുമുണ്ട്. അർധസുതാര്യമായ ഭാഗമുള്ളതിനാൽ ഉപഭോക്താക്കൾക്ക് സിലിണ്ടറിലെ പാചകവാതകത്തിന്റെ അളവ് പുറത്തുനിന്ന് നോക്കിക്കാണാമെന്ന സൗകര്യവും നവ്യ സിലിണ്ടറുകൾക്കുണ്ട്. ഇൻസ്റ്റമാർട്ട് വഴി എൽപിജി സിലിണ്ടർ വിതരണം ചെയ്യാനുള്ള പദ്ധതിക്കൊപ്പമാണ് എച്ച്പിസിഎൽ നവ്യ സിലിണ്ടറുകൾ അവതരിപ്പിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: HPCL has partnered with quick commerce platform Instamart to deliver LPG cylinders instantly. Launched as a pilot project in Bengaluru on Wednesday, users can order the 10kg composite 'HP Navya' or a 5kg metallic cylinder without needing an existing connection.