അവധിദിനങ്ങളിൽ കാർഡ്ബോർഡ് പെട്ടികൾക്കുള്ളിൽ താമസിക്കുന്ന വീട്ടുജോലിക്കാർ; ചർച്ചയായി വീഡിയോ

വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ the.tale.of.travel
വൈറല്‍ വീഡിയോയില്‍ നിന്ന്‌ | Photo: instagram/ the.tale.of.travel

ഫിലിപ്പീൻസിൽനിന്നും ഇന്തൊനേഷ്യയിൽനിന്നും ധാരാളം ആളുകൾ തൊഴിൽതേടി ഹോങ്കോങ്ങിലെത്താറുണ്ട്. എന്നാൽ, അവർ അത്ര സുഖകരമായ അവസ്ഥയിലൂടെയല്ല കടന്നുപോകുന്നത്. വീട്ടുജോലിക്കാരായെത്തുന്ന സ്ത്രീകൾക്ക് അവരുടെ അവധിദിവസം താമസിക്കാൻപോലും ഒരു ഇടമില്ലാത്ത അവസ്ഥയാണ് ഹോങ്കോങ്ങിലുള്ളത്. പാലത്തിന് താഴെ കാർഡ്‌ബോർഡ് പെട്ടികളിലാണ് ഈ 24 മണിക്കൂറും ഇവർ താമസിക്കുക. ഇതിന്റെ വീഡിയോ the.tale.of.travel എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചതോടെ അത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.

നിർബന്ധിതമായ 'താമസ നിയമം' കാരണം അവർ ജോലിചെയ്യുന്ന ഉടമസ്ഥരുടെ വീടുകളിൽ മാത്രമേ താസിക്കാനുള്ള സ്വാതന്ത്ര്യമുള്ളു. അതിനാൽ അവധിദിനം അവർക്ക് പോകാൻ ഇടമില്ലാതെവരുന്നു. ഇതോടെയാണ് പാലങ്ങൾക്ക് താഴെ കാർഡ് ബോർഡ് പെട്ടികളിൽ അഭയംതേടാൻ തുടങ്ങിയത്. സ്വകാര്യതയ്ക്കായി കാർഡ് ബോർഡ് പെട്ടികൾ ഉപയോഗിച്ച് താത്ക്കാലിക മുറികളുണ്ടാക്കുന്നതായും വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.

3.2 മില്ല്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. ഒട്ടേറെപ്പേർ കമന്റും ചെയ്തിട്ടുണ്ട്. ധനികർക്കായി കഷ്ടപ്പെടുന്നവരുടെ അവസ്ഥ ഇങ്ങനെയാണെന്നാണ് ചിലർ കുറിച്ചത്. ഇത് ഹോങ്കോങ്ങിൽ മാത്രമല്ലെന്നും അമേരിക്കയിലും ഇതുപോലെ കാണാമെന്നും കമന്റുകളുണ്ട്. അവിടെ ഷോപ്പിങ് മാളുകളിലാണ് ഇവർ അഭയംതേടാറുള്ളതെന്നും കുറിപ്പിൽ പറയുന്നു.

Content Highlights: Highlights the mandatory live-in rule causing domestic worker homelessness on rest days., Exposes the severe wealth gap in Hong Kong through the lens of migrant labor.