മദ്യത്തിനും മയക്കുമരുന്നിനും അടിമയായ കാലം, എട്ടുവർഷമെടുത്തു ശരീരം പഴയപടിയാവാൻ- റാപ്പർ ഹണി സിങ്

#Lifestyle Desk

കരിയറിൽ താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് മയക്കുമരുന്നിന് അടിമപ്പെട്ടതാണെന്ന് തുറന്നുപറഞ്ഞ് റാപ്പറും ഗായകനുമായ ഹണി സിങ്. എട്ടുവർഷത്തോളം എടുത്താണ് തന്റെ ശരീരത്തിൽനിന്നും മയക്കുമരുന്ന് പൂർണമായും ഇല്ലാതാക്കി പഴയപടിയായതെന്നും അദ്ദേഹം പറഞ്ഞു. 

എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി സിങ് ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. മയക്കുമരുന്നിനോടുള്ള ആസക്തി തന്റെ ജീവിതം തകർക്കുന്ന രീതിയിലായിരുന്നുവെന്നും അതിനെ അതിജീവിക്കാൻ പാടുപെട്ടുവെന്നും അദ്ദേഹം പറയുന്നു.

പതിനഞ്ച്- ഇരുപത് വർഷങ്ങൾക്ക് മുമ്പുള്ള ഹണി സിങ് വളരെ ബുദ്ധിമാനും ലക്ഷ്യബോധമുള്ളയാളുമായിരുന്നു. പക്ഷേ അയാൾ ചെയ്ത ഒരു വലിയതെറ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായിരുന്നു.- ഹണി സിങ് പറയുന്നു.

മയക്കുമരുന്ന് തനിക്കേറെ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും ഹണി സിങ് പറയുന്നുണ്ട്. ഇത്തരം വസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അത് നിങ്ങളെ ഇല്ലാതാക്കുമെന്നുമാണ് തന്നേക്കാൾ പ്രായം കുറഞ്ഞ സഹോദരീസഹോദരന്മാരോട് പറയാനുള്ളത്. 2014-ൽ അസുഖബാധിതനായ സമയത്താണ് താൻ മയക്കുമരുന്ന് ഉപേക്ഷിക്കുന്നത്. പക്ഷേ എന്നിട്ടും പൂർണമായും അതിൽ നിന്ന് മുക്തമാകാൻ എട്ടുവർഷത്തോളം എടുത്തെന്ന് ഹണി സിങ് പറയുന്നു.

ആരും, ശത്രുപോലും താൻ കടന്നുപോയ അവസ്ഥയിലൂടെ പോകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ഹണി സിങ് പറയുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. തന്റെ മയക്കുമരുന്ന് ആസക്തിയേക്കുറിച്ച് തിരിച്ചറിയരുതെന്ന് ഉള്ളതുകൊണ്ട് മാതാപിതാക്കളെ കാണുന്നതുപോലും ഒഴിവാക്കിയിരുന്നു.

2012 മുതൽ 2014 വരെയുള്ള, കരിയറിൽ താൻ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് നാലഞ്ച് പ്രാവശ്യമേ മാതാപിതാക്കളെ കണ്ടിട്ടുള്ളു. കാരണം എന്റെ മനസ്സ് മുഴുവൻ പണത്തിലും പ്രശസ്തിയിലുമായിരുന്നു. മയക്കുമരുന്നിന് ആസക്തനായെന്ന് അവർ തിരിച്ചറിയുമോ എന്ന് കരുതി മാതാപിതാക്കളിൽ നിന്ന് അകലം പാലിക്കുകയും ചെയ്തു- ഹണി സിങ് പറയുന്നു.

2012-ൽ ദേസി കലാകാർ എന്ന പാട്ട് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ബൈപോളാർ ഡിസോർഡർ സ്ഥിരീകരിക്കുന്നത്. ലഹരി വസ്തുക്കളിലും അടിമയായിരുന്നു. 2017-ൽ ലഹരിയുടെ ഉപയോഗം പാടെ നിർത്താനും ഡോക്ടർമാർക്കും തെറാപ്പിസ്റ്റുകൾക്കുമൊപ്പം ചേർന്ന് ജീവിതത്തിലേക്ക് തിരികെവരാനും ശ്രമിച്ചു. മദ്യത്തിലും മയക്കുമരുന്നിലും മുങ്ങിയിരുന്ന സമയമായിരുന്നു അതെന്നാണ് ഹണി സിങ് പറയുന്നത്. സംഗീതലോകത്തുനിന്നും അതോടെ പിൻവാങ്ങിയ താൻ വീണ്ടും തിരികെയെത്തുന്നത് 2023-ലാണെന്നും ഹണി സിങ് പറയുന്നു.

Content Highlights: Rapper Honey Singh opens up about his past drug addiction