'വീട്ടമ്മമാർക്ക് വിരമിക്കൽ ഇല്ലല്ലോ അല്ലേ'; ഭാര്യയുടെ കുറിക്ക് കൊള്ളുന്ന മറുപടി, ഭർത്താവിന്റെ ഉപഹാരം

#മനീഷാ പ്രശാന്ത്
സുഭാഷും ജിജിയും
സുഭാഷും ജിജിയും

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ട് പിന്നിട്ട ദാമ്പത്യത്തിന് ഭാര്യയ്ക്ക് ഉപഹാരം സമ്മാനിച്ച് ഭർത്താവ്. 33 ആണ്ട് പൂർത്തിയാക്കി ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ചപ്പോഴാണ് ഭാര്യ ജിജിയെ ഉപഹാരം നൽകി സുഭാഷ് ആദരിച്ചത്. യാത്രയയപ്പ് ചടങ്ങിൽ നടന്ന വ്യത്യസ്തമായ അനുഭവം നീണ്ട കരഘോഷത്തോടെയും കണ്ണീരോടെയുമാണ് സദസ്യർ സ്വീകരിച്ചത്.

പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.സുഭാഷ് ആണ് യാത്രയയപ്പ് ചടങ്ങിൽ സഹപ്രവർത്തകർക്ക് നൽകിയതിനൊപ്പം ഭാര്യ എൻ.ജിജിക്കും ഉപഹാരം നൽകിയത്. 30 വർഷം പിന്തുണയായിനിന്ന ഭാര്യയെ നാലാളറിയെ അനുമോദിക്കണമെന്നത് സുഭാഷിന്റെ ആഗ്രഹമായിരുന്നു. അതിന് നിമിത്തമായത് ഇരുവരും തമ്മിലുണ്ടായ സംഭാഷണമാണ്. വിരമിക്കുന്നതുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ജിജി പറഞ്ഞു ‘‘ഇനി നമുക്ക് ധാരാളം യാത്രകൾ പോകണം’’ എന്ന്. ‘‘വിരമിക്കുന്നത് ആരാണ്’’ എന്നായി സുഭാഷ്. കുറിക്ക് കൊള്ളുന്ന മറുപടിയുമായാണ് ജിജി ഭർത്താവിനെ നേരിട്ടത്- ‘‘വീട്ടമ്മമാർക്ക് വിരമിക്കൽ ഇല്ലല്ലോ അല്ലേ’’. ചോദ്യമായി ഉള്ളിൽതറച്ച വാക്കുകൾക്ക് മുന്നിൽ സുഭാഷ് മൗനമായി.

മൂന്ന് പതിറ്റാണ്ട് തന്നെയും മക്കളെയും പരിചരിച്ച ഭാര്യയ്ക്ക് സ്നേഹോപഹാരം എന്നത് വെല്ലുവിളി ആയിരുന്നു എന്ന സുഭാഷ് പറഞ്ഞു. ഇതിനിടെ സ്ഥാപനത്തെയും സഹപ്രവർത്തകരെയും ആദരിക്കാമെന്ന ആശയവും മനസ്സിലെത്തി.

അതോടെ ജിജിയെ അനുമോദിക്കാനുള്ള വേദിയും തീരുമാനിച്ചു. രണ്ട് ഫലകങ്ങളും വീട്ടിൽനിന്ന് ആരോഗ്യകേന്ദ്രത്തിലെ ചടങ്ങിലെത്തിച്ചതും ജിജി ആയിരുന്നു. അവസാന നിമിഷംവരെ വിരമിക്കാത്ത ദാമ്പത്യത്തിന് ഭർത്താവ് തനിക്കായി ഒരുക്കിയ 'സർപ്രൈസ്' ആണ് കൈയിലിരിക്കുന്നതെന്ന് ജിജിയും കരുതിയില്ല. ഭാര്യ 'മഹാപ്രസ്ഥാനം' ആണെന്നാണ് സുഭാഷ് സഹപ്രവർത്തകരോട് വിശദീകരിച്ചത്.

ബിഎഡ്, കംപ്യൂട്ടർ എന്നിങ്ങനെ ബിരുദങ്ങൾ പലതുണ്ടെങ്കിലും മാറിമറിഞ്ഞ സാഹചര്യങ്ങൾക്ക് അനുസരിച്ച് വീട്ടിലൊതുങ്ങാനായിരുന്നു ജിജിയുടെ തീരുമാനം. ഇതിനുള്ള നന്ദി കൂടിയാണ് സുഭാഷ് ഉപഹാരത്തിലൂടെ നൽകിയത്.

ആറ്റിങ്ങൽ മാമം സ്വദേശിയായ സുഭാഷും ജിജിയും പാപ്പനംകോട് വിശ്വംഭരൻ റോഡിലാണ് ഇപ്പോൾ താമസം. മക്കളായ വിഷ്ണുവും മഹിമയും മരുമകൻ സൂരജും കൊച്ചുമകൾ നൈനികയും ഒപ്പമുണ്ട്.

Content Highlights: Husband gives gift to wife after retirement