കൈവിടാൻ ആയിരം കാരണങ്ങൾ ഉള്ളപ്പോഴും കൂടെ നിന്നവന്‍, വൈകാരിക കുറിപ്പിലൂടെ കാമുകന് നന്ദി പറഞ്ഞ് ഹിന ഖാൻ

കാന്‍സര്‍ സ്ഥിരീകരിച്ചതിനു ശേഷം തന്റെ ജീവിതത്തിലുണ്ടായ പ്രകടമായ മാറ്റങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ കുറിക്കാറുണ്ട് നടി ഹിന ഖാന്‍. അവാര്‍ഡ് ഷോ കഴിഞ്ഞയുടൻ കീമോ ചെയ്യാന്‍ പോയതും സ്തനാര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളുമെല്ലാം ഹിന പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രതിസന്ധി ഘട്ടത്തില്‍ തന്റെ കൂടെ താങ്ങും കരുത്തുമായി ഒപ്പമുള്ള കാമുകന്‍ റോക്കി ജെയ്‌സ്‌വാളിനെ ഓര്‍ത്തുകൊണ്ട് വൈകാരികമായ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം.
എനിക്കറിയുന്നവരില്‍ ഏറ്റവും നല്ല മനുഷ്യന് എന്ന് പറഞ്ഞുകൊണ്ടാണ് ഹിനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് തുങ്ങുന്നത്.
''എൻ്റെ മുടി കളയേണ്ടി വന്നപ്പോള്‍ അവനും മുടി കളഞ്ഞു. എന്റെ മുടി വളര്‍ന്നു തുടങ്ങിയപ്പോഴാണ് അവനും മുടി വളര്‍ത്താന്‍ തുടങ്ങിയത്. പാതി വഴിയില്‍ ഉപേക്ഷിച്ചുപോകാന്‍ ആയിരം കാരണങ്ങള്‍ ഉണ്ടായിരുന്നപ്പോഴും ഒപ്പം നിന്നു. ഏറ്റവും കഠിനമായ ദിവസങ്ങളിലും നമ്മള്‍ പരസ്പരം താങ്ങായി നിലകൊണ്ടു.'' പോസ്റ്റിൽ പറയുന്നു.
കോവിഡ് കാലഘട്ടത്തുണ്ടായ ഏറ്റവും കഠിനമായ ആരോഗ്യ പ്രശ്‌നങ്ങളും നമ്മള്‍ ഒരുമിച്ച് തരണം ചെയ്തു. രണ്ടുപേരുടെയും അച്ഛന്‍മാരുടെ വേര്‍പാടുണ്ടാക്കിയ ആഘാതം നമ്മള്‍ പരസ്പരം ആശ്വസിപ്പിച്ച് നേരിട്ടു. ഓരോ തവണയും ചികിത്സക്കായി പോകുന്നതിന് മുമ്പ് കൃത്യമായ തന്റെ ചികിത്സയുമായി ബന്ധപ്പെട്ടതെല്ലാം ശരിയായ ദിശയിലാണ് പോകുന്നതെന്ന് ഉറപ്പുവരുത്തി. കീമോ തുടങ്ങിയ ദിവസം മുതല്‍ റേഡിയേഷന്‍ നടക്കുന്ന ദിവസങ്ങളില്‍ വരെ തണലായി ഒപ്പം നിന്നു. കഴിഞ്ഞ രണ്ടു മാസക്കാലം തിരിച്ചറിവുകളുടേത് കൂടെയായിരുന്നെന്നും കുറിപ്പില്‍ പറയുന്നു.
സ്വയം സ്‌നേഹിക്കാന്‍ തന്നെ പഠിപ്പിച്ചതിന് നന്ദി പറഞ്ഞും വേദനിപ്പിച്ചുണ്ടെങ്കില്‍ ക്ഷമ ചോദിച്ചുമാണ് ഹിന ഖാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആദ്യ കീമോ ചെയ്ത ദിവസം സർപ്രൈസായെത്തിയ പ്രിയ സുഹൃത്തും നടിയുമായ മഹിമ ചൗധരിയോടുള്ള നന്ദിയും ഹിന അടുത്തിടെ പങ്കുവെച്ചിരുന്നു. അർബുദത്തിൻ്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഹിന പൊരുതുന്നത്.
Content Highlights: actor hena khan shares her gratitude for lover rocky jaiswal for staying with her through hardships